ഫുജൈറ: ഫുജൈറ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മസ്കറ്റ് വഴി തിരുവനന്തപുരത്തേക്കുളള യാത്രാവിമാനസർവ്വീസ് ആരംഭിച്ചു. ഒമാനിന്‍റെ ബജറ്റ് എയർലൈനായ സലാം എയറാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. മസ്കറ്റില്‍ നിന്ന് പുറപ്പെട്ട സലാം എയറിന്‍റെ വിമാനം ബുധനാഴ്ച രാവിലെ 8.45 ന് ഫുജൈറ വിമാനത്താവളത്തിലെത്തി. സലാം എയർ സിഇഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദും 27 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവള അധികൃതർ ഇവർക്ക് സ്വീകരണം നല്‍കി.
തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ സർവ്വീസ് നടത്തുമെന്നാണ് സലാം എയർ അറിയിച്ചിട്ടുളളത്. ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലായി 4 യാത്രകളാണ് ഉള്ളത്. നിലവില്‍ 13 രാജ്യങ്ങളിലെ 39 ലക്ഷ്യങ്ങളിലേക്ക് സലാം എയർ സർവ്വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം കൂടാതെ ജയ്പൂർ, ലഖ്‌നൗ, എന്നിവിടങ്ങളിലേക്കും റിയാദ്, ഷിറാസ്, സലാല, ട്രാബ്‌സോൺ, ഫുക്കറ്റ്, ബാങ്കോക്ക്, ക്വാലാലംപൂർ, കറാച്ചി , സിയാൽകോട്ട്, ധാക്ക, , കാഠ്മണ്ഡു, ചിറ്റഗോംഗ്, കൊളംബോ തുടങ്ങിയ നഗരങ്ങളിലേക്കും ഫുജൈറയില്‍ നിന്ന് മസ്കറ്റ് വഴി സർവീസുണ്ട്.