ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബി യാസ് ദ്വീപിലെ സീവേള്‍ഡ് അബുദാബിയില്‍ സന്ദർശനം നടത്തി. മധ്യപൂർവ്വ ദേശത്തെ ആദ്യ മറൈന്‍ ലൈഫ് തീം പാർക്കാണ് സീ വേള്‍ഡ് അബുദാബി.
ലോകോത്തരനിലവാരത്തിലൊരുങ്ങിയ സീവേള്‍ഡ് പാർക്കിനെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു. സീ വേള്‍ഡില്‍ നടക്കുന്ന വിനോദ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിച്ച സംവിധാനം രാജ്യത്തിന്‍റെ വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
68,000 കടൽജീവികളാണ് തീം പാർക്കിലുള്ളത്. 183,000 ചതുരശ്രമീറ്ററിലാണ് സീ വേള്‍ഡ് അബുദാബി ഒരുങ്ങിയിരിക്കുന്നത്. അഞ്ച് നിലകളിലായി അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടിയാണ് സീ വേള്‍ഡ് പ്രവർത്തിക്കുന്നത്. തീം പാർക്കിനപ്പുറം ഗവേഷണ, റെസ്ക്യൂ, പുനരധിവാസ, വിദ്യാഭ്യാസ കേന്ദ്രമായിക്കൂടി സീവേള്‍ഡ് പ്രവർത്തിക്കുന്നു.