ദുബായ്: "കാലുകള്‍ക്ക് പരിചിതമല്ലാത്ത പാതയിലൂടെ നടക്കുന്നു, ദുർഘടമായ മൈതാനത്ത് നടക്കാന്‍ ഇഷ്ടപ്പെടുന്നു," യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ വാക്കുകളാണിത്. ദുർഘടമായ വഴിയിലൂടെ, മറ്റാരും നടക്കാത്ത പാതയിലൂടെ നടന്ന് യുഎഇ എന്ന ചെറിയ രാജ്യത്തെ ലോകത്തെ മികച്ചരാജ്യമാക്കി നിലനിർത്തുന്ന ഭരണാധികാരി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 74 ാം പിറന്നാള്‍.
ദുബായിയെ വികസനത്തിന്‍റെ പാതയില്‍, ഒന്നാമതായി നിലനിർത്തുന്നത്, അദ്ദേഹത്തിന്‍റെ കരുതലും ദീർഘവീക്ഷണവും പദ്ധതികള്‍ നടപ്പിലാക്കുന്നതിലുളള കൃത്യമായ ആസൂത്രണവും തന്നെയാണ്. ആരോഗ്യം, വിദ്യാഭ്യാസം മുതൽ സാങ്കേതികവിദ്യ, ടൂറിസം വരെ ലോകമെമ്പാടുമുളള വിവിധ രാജ്യങ്ങളിലെ ആളുകള്‍ ഒരുമിച്ച് ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന രാജ്യം.
കണ്ണെത്താത്ത ദൂരത്തോളമുളള മണല്‍ കൂനകളില്‍ നിന്ന് രാത്രിയിലും കണ്ണുചിമ്മാത്ത നഗരം നിർമ്മിക്കുക സാധ്യമാണെന്ന് യുഎഇ ലോകത്തെ ബോധ്യപ്പെടുത്തി. ലോകമെമ്പാടുമുള്ള ആളുകളെ വലിയ സ്വപ്നം കാണാനും അവരുടെ ലക്ഷ്യങ്ങൾ നേടാനും പ്രചോദിപ്പിക്കുന്ന നഗരമായി ദുബായി മാറുന്നതിന് പിന്നില്‍ ദീർഘവീക്ഷണമുളള ഭരണാധികാരികളുടെ ഭരണ മികവ് തന്നെയെന്നതില്‍ സംശയമില്ല.
തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിക്ക് പിറന്നാളാശംകള്‍ നേരുകയാണ്, യുഎഇയിലെ സ്വദേശികളും വിദേശികളും.

1949 ജൂലൈ 15ന് ഷിന്ദഗയിലെ അല്‍ മക്തൂം കുടുംബത്തിലാണ് ഷെയ്ഖ് മുഹമ്മദ് ജനിച്ചത്. ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്‍റെ നാല് ആണ്‍മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. അബുദാബി മുന്‍ ഭരണാധികാരി ഷെയഖ് ഹംദാന്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍റെ മകള്‍ ഷെയ്ഖ ലതീഫ ബിന്‍ത് ഹംദാന്‍ അല്‍ നഹ്യാനാണ് ഷെയ്ഖ് മുഹമ്മദിന്‍റെ മാതാവ്. അന്നത്തെ ദുബായ് ഭരണാധികാരിയായിരുന്ന മുത്തച്ഛന്‍ ഷെയ്ഖ് സഈദില്‍ നിന്നാണ് ഭരണ നിര്‍വഹണത്തിന്‍റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പഠിച്ചത്.
1995ജനുവരി മൂന്നിന് അന്നത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് മക്തൂം, ഷെയ്ഖ് മുഹമ്മദിനെ ദുബായ് കിരീടാവകാശിയായി നിയമിച്ചു. 2006ല്‍ ഷെയ്ഖ് മക്തൂമിന്‍റെ മരണത്തോടെ ദുബായ് ഭരണാധികാരിയായി. പിന്നീട് ഇങ്ങോട്ട് ദുബായ് പിന്നിട്ട ഓരോ ദിനവും, ചരിത്രത്തിന്‍റെ ഭാഗമാണ്. വളർച്ചയുടെ പാതയില്‍, ദുബായ് നാഴികകല്ലുകള്‍ പിന്നിടുമ്പോള്‍, അതിനോട് ചേർത്ത് പറയാന്‍ ഒരേ ഒരു പേരുമാത്രമെയുളളൂ, അതാണ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദീർഘവീക്ഷണമുളള ഭരണാധികാരി, അക്ഷരങ്ങളെ സ്നേഹിക്കുന്ന കവി, കുതിരയോട്ടത്തില്‍ പ്രഗത്ഭന്‍, അതിനേക്കാളേറെ മനുഷ്യസ്നേഹി. ഹാപ്പി ബർത്ത് ഡെ ഷെയ്ഖ് മുഹമ്മദ്!