അബുദാബി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎഇയില്‍ എത്തി. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാവിലെ പതിനൊന്നോടെ അദ്ദേഹം വിമാനമിറങ്ങി. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് അഞ്ചാം തവണയാണ് നരേന്ദ്ര മോഡി യുഎഇ സന്ദര്‍ശിക്കുന്നത്.
രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തിയത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും കോപ്പ്-28 പ്രസിഡന്റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആഗോള വിഷയങ്ങളിലെ സഹകരണം ഉള്‍പ്പെടെ ചര്‍ച്ച നടത്തുന്ന മോഡി യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ ധാരണാ പത്രങ്ങളില്‍ ഒപ്പുവയ്ക്കും. ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ജി20 യില്‍ യുഎഇ പ്രത്യേക ക്ഷണിതാവാണ്. കോപ് 28ന് ആതിഥ്യം അരുളുന്നത് യുഎഇയും. ഈ രണ്ട് വിഷയങ്ങളുമായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം.
കൂടാതെ ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതും ചര്‍ച്ചയാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ-യുഎഇ സൗഹൃദത്തിന് കൂടുതല്‍ ശക്തി പകരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ക്രമാനുഗതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.