യുഎഇയിലും യുപിഐ; ധാരണാപത്രത്തില്‍ ഒപ്പുവച്ച് ആര്‍ബിഐ ഗവര്‍ണര്‍

യുഎഇയിലും യുപിഐ; ധാരണാപത്രത്തില്‍ ഒപ്പുവച്ച് ആര്‍ബിഐ ഗവര്‍ണര്‍

പ്രാദേശിക കറന്‍സികളുടെ ഉപയോഗം യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പണമടയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉപയോഗിക്കാനാകും

ദുബായ്: യുഎഇയിലും ഇന്ത്യയിലും അതത് രാജ്യങ്ങളിലെ കറന്‍സികള്‍ ഉപയോഗിച്ച് പരസ്പരം പണമിപാടുകള്‍ നടത്താന്‍ കരാറിലേര്‍പ്പെട്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെന്‍ട്രല്‍ ബാങ്കും. ഇരുരാജ്യങ്ങളും ഒപ്പുവച്ച ധാരണാപത്രത്തില്‍ പറയുന്നത് പ്രകാരം യുഎഇയില്‍ ഇന്ത്യന്‍ രൂപയും ഇന്ത്യയില്‍ യുഎഇ കറന്‍സിയായ ദിര്‍ഹവും ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ സുഗമമാക്കുകയെന്നതാണ് കരാറിന്റെ ലക്ഷ്യം. ഇതിനായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും യുഎഇ സെന്‍ട്രല്‍ ബാങ്ക് (സിബിയുഎഇ) ഗര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലാമയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അബുദാബി സന്ദര്‍ശനത്തിന് എത്തിയ വേളയിലാണ് അതത് ബാങ്കുകളുടെ ഗവര്‍ണര്‍മാര്‍ ധാരണാപത്രങ്ങള്‍ കൈമാറിയത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സന്നിഹിതരായിരുന്നു.

ഒരു പ്രാദേശിക കറന്‍സി സെറ്റില്‍മെന്റ് സിസ്റ്റം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് രാജ്യങ്ങള്‍ തമ്മിലുളള ഇടപാടുകള്‍ക്കായി പൊതുവായി ഒരു ചട്ടകൂട് സ്ഥാപിക്കാന്‍ ആര്‍ബിഐയും സിബിയുഎഇയും ഗവര്‍ണര്‍മാര്‍ തീരുമാനിച്ചു. കറന്റ് അക്കൗണ്ട് ഇടപാടുകളും പെര്‍മിറ്റഡ് അക്കൗണ്ട് ഇടപാടുകളും ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ രൂപയുടെയും യുഎഇ ദിര്‍ഹത്തിന്റെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക കറന്‍സി സെറ്റില്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്താനാണ് ധാരണാപത്രങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുടെ യുപിഐ സംവിധാനവും യുഎഇയുടെ ഐപിപി സംവിധാനവുമാണ് ഇരുരാജ്യങ്ങളിലും സാധ്യമാകുക. ധാരണാ പത്രം നിലവില്‍ വരുന്നതോടെ കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ആഭ്യന്തര കറന്‍സികളില്‍ ഇന്‍വോയ്‌സ് ചെയ്യാനും പണം നല്‍കാനും കഴിയും. ഇത് രൂപയുടെയും ദിര്‍ഹത്തിന്റെയും വിനിമയത്തെ സുഗമമാക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപവും പണമയക്കലും പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കും.

പ്രാദേശിക കറന്‍സികളുടെ ഉപയോഗം യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പണമടയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉപയോഗിക്കാനാകും. ഇത് ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുമെന്നും ആര്‍ബിഐ അറിയിച്ചു.

ആര്‍ബിഐയും യുഎഇ സെന്‍ട്രല്‍ ബാങ്കും സംയുക്തമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ), അതിവേഗ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം (ഐപിപി) എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും റുപേ സ്വിച്ചിനെയും യുഎഎസ്വിഎച്ചിനെയും ബന്ധിപ്പിക്കുന്നതിനും പേയ്‌മെന്റ് സംവിധാനം ലിങ്ക് ചെയ്യുന്നതിനും സഹകരിക്കാന്‍ സമ്മതിച്ചു. യുപിഐ-ഐപിപി ലിങ്ക്, വേഗത്തിലുള്ളതും സൗകര്യപ്രദവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ക്രോസ്-ബോര്‍ഡര്‍ ഫണ്ട് ട്രാന്‍സ്ഫറുകള്‍ നടത്താന്‍ രണ്ട് രാജ്യങ്ങളിലെയും ഉപയോക്താക്കളെ പ്രാപ്തരാക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.