ദുബായ്:യുഎഇയില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നു. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ കണക്ക് അനുസരിച്ച് അബുദബി അല്‍ ദഫ്ര മേഖലയിലെ ബദ ദഫാസില്‍ കഴിഞ്ഞ ദിവസം 50.1 ഡിഗ്രി സെല്‍ഷ്യസാണ് അനുഭവപ്പെട്ട താപനില. ശനിയാഴ്ചയും ഞായറാഴ്ചയും സമാനമായ താപനിലയാണ് മേഖലയില്‍ അനുഭവപ്പെട്ടത്.
താപനില ഉയരുന്നതിനൊപ്പം രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ മൂടിക്കെട്ടിയ അന്തരീക്ഷവും അനുഭവപ്പെട്ടിരുന്നു. ദുബായിലും അബുദബിയിലും അനുഭവപ്പെടുന്ന കുറഞ്ഞ താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്.
നേരിട്ട് സൂര്യാതപമേല്‍ക്കുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.ശരീരത്തില്‍ ജലാംശം നിലനിർത്താനും ശ്രദ്ധവേണം. കടുത്ത ചൂടില്‍ വെയിലത്ത് ജോലി ചെയ്യുന്നത് തടയുന്ന ഉച്ചവിശ്രമം രാജ്യത്ത് ജൂണ്‍ 15 മുതല്‍ നിലവിലുണ്ട്.തുറസ്സായ സ്ഥലങ്ങളിലും സൂര്യതപമേല്‍ക്കുന്ന രീതിയിലും ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ ജോലി ചെയ്യുന്നത് ഉച്ചവിശ്രമനിയമം നിരോധിക്കുന്നു. മാനവ വിഭവ ശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയമാണ് സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമം നടപ്പിലാക്കുന്നത്.