ദുബായ്: 2023 ന്‍റെ ആദ്യ ആറുമാസത്തില്‍ ദുബായിലെത്തിയത് 85 ലക്ഷം അന്താരാഷ്ട്ര സന്ദർശകരെന്ന് കണക്കുകള്‍. ദുബായ് ഫിനാന്‍ഷ്യല്‍ മാർക്കറ്റ് 14 ശതമാനം ഉയർന്ന് 71 ബില്ല്യണ്‍ ദിർഹം മൂല്യത്തിലെത്തി. റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഗണ്യമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. 285 ബില്ല്യണ്‍ ദിർഹത്തിന്‍റെ ഇടപാടുകളാണ് നടത്തിയിട്ടുളളത്.
ദുബായ് നഗരത്തിന്‍റെ വളർച്ചയില്‍ നിക്ഷേപകരും അന്താരാഷ്‌ട്ര സ്ഥാപനങ്ങളും വ്യവസായ പ്രമുഖരും അർപ്പിക്കുന്ന വിശ്വാസത്തിന്‍റെ തെളിവാണ് ഇത്തരം നേട്ടങ്ങളെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
2023 ന്‍റെ ആദ്യപകുതിയില്‍ ദുബായുടെ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചതിനേക്കാള്‍ വളർച്ച രേഖപ്പെടുത്തി. ദുബായ് ഇക്കണോമിക് അജണ്ട ഡി33 ന്‍റെ ലക്ഷ്യങ്ങളിലേക്കുളള ശരിയായ വളർച്ചയാണിതെന്നും ഷെയ്ഖ് മക്തൂം വിലയിരുത്തി.
ട്രിപ് അഡ്വൈസേഴ്‌സ് ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ് 2023 ലും ഏറ്റവും മികച്ച ലക്ഷ്യ സ്ഥാനമായി ദുബായ് മാറി. വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും വേണ്ടി ദുബായിയെ ലോകത്തിലെ മൂന്ന് മികച്ച ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റുക എന്നതാണ് ഡി33 യുടെ ലക്ഷ്യം.