ദുബായ്: പ്രവാസികള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നൂതനസൗകര്യമൊരുക്കി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ദുബായിലെയും വടക്കന്‍ എമിറേറ്റിലെയും ഇന്ത്യന്‍ പൗരന്മാർക്ക് എളുപ്പത്തിലും വേഗത്തിലും പരാതികള്‍ അറിയിക്കാനും സഹായം തേടാനുമുളള സംവിധാനമാണ് വെബ്സൈറ്റില്‍ വികസിപ്പിച്ചത്.
പ്രവാസി ക്ഷേമ സംരംഭമായ ‘പ്രവാസി ഭാരതീയ സഹായത കേന്ദ്ര’ (പി.ബി.എസ്.കെ)ത്തിനുകീഴിലെ സേവനങ്ങളാണ് വിപുലീകരിച്ചിട്ടുളളത്. 24 മണിക്കൂറും സേവനം ചെയ്യുന്ന രീതിയിൽ വെബ്സൈറ്റിൽ സജ്ജീകരിച്ചിട്ടുള്ള ചാറ്റ്ബോട്ട് വഴി പ്രവാസികളുടെ സംശയങ്ങൾക്ക് അതത് സമയങ്ങളിൽ തന്നെ മറുപടി നൽകും. അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും മനുഷ്യസ്പർശമില്ലാതെ തന്നെ ചാറ്റ് ബോട്ട് വഴി ഉത്തരം ലഭിക്കും. ഉപഭോക്താവിന്റെ ഇ-മെയിൽ ഐ.ഡി നൽകിക്കഴിഞ്ഞാൽ അന്വേഷണങ്ങൾക്ക് ഉത്തരം ലഭിക്കും.
കോൺസുലേറ്റ് നൽകുന്ന പാസ്പോർട്ട്, അറ്റസ്റ്റേഷൻ, കോൺസുലാർ, ലേബർ, വിസ, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ സേവനങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ലഭ്യമാകും. ചാറ്റ് സെഷന് മെയില്‍ വഴി അന്വേഷകന് ലഭിക്കുകയും ചെയ്യും. മെയില്‍ ഐഡി ഇല്ലാത്തവർക്കായി മൊബൈല്‍ നമ്പർ വഴി സേവനം പൂർത്തിയാക്കാന്‍ കഴിയുന്ന രീതിയില്‍ സേവനം വരും നാളുകളില്‍ വിപുലീകരിക്കും. പി.ബി.എസ്.കെയുടെ ടോൾ ഫ്രീ നമ്പറായ 800 46342 വഴിയും നിലവിൽ സേവനങ്ങൾ ലഭിക്കുന്നുണ്ട്.