ബംഗളൂരു: 'എനിക്ക് മരവിപ്പും അസ്വസ്ഥതയും തോന്നുന്നു. ഇത് ഏതെങ്കിലും പ്രത്യേക സമൂഹത്തെക്കുറിച്ചല്ല; മറിച്ച് ഒരു 'മനുഷ്യത്വരഹിത' സംഭവമാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദാരുണമായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഇറോം. ഈ കേസിലെ പ്രതികള്‍ക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മണിപ്പൂരിലെ സൈനിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് 16 വര്‍ഷമായി ഭക്ഷണം കഴിക്കാതിരുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് ഇറോം ശര്‍മിള. മണിപ്പൂരില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ തനിക്ക് ഖേദവും സങ്കടവും തോന്നുന്നുവെന്നും കേന്ദ്രം ശരിയായ സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നും ശര്‍മിള കൂട്ടിച്ചേര്‍ത്തു.
കേസില്‍ ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തൗബല്‍ ജില്ലയില്‍ നിന്നാണ് ഹുയിരേം ഹെരാദാസ് സിങ് എന്ന 32 കാരനായ യുവാവിനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പച്ച ടീ ഷര്‍ട്ട് ധരിച്ച ഇയാള്‍ സ്ത്രീകളിലൊരാളെ വലിച്ചിഴയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.