ഇംഫാല്‍: കുക്കി യുവതികളെ നഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയുടെ വീട് ആക്രമിച്ച് തീവച്ച് നശിപ്പിച്ച് ജനക്കൂട്ടം. സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ ഒരുസംഘം പ്രതിയുടെ വീടിന് തീവയ്ക്കുകയായിരുന്നു.
മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന്റെ പിറ്റേന്ന് മെയ് നാലിന് കാംഗ്പോക്പി ജില്ലയിലാണ് സംഭവമുണ്ടായത്. എന്നാല്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചതിന് പിന്നാലെ രണ്ട് ദിവസം മുന്‍പ് മാത്രമാണ് രാജ്യത്തെ നാണം കോടുത്തിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നത്. തുടര്‍ന്ന് ദേശവ്യാപകമായി ശക്തമായ പ്രതിഷേധമുയര്‍ന്നു.
സംഭവത്തില്‍ പ്രതികളായ നാലുപേരെ ഇതുവരെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് അറിയിച്ചത്. ഞെട്ടിക്കുന്ന ദൃശ്യങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിരേന്‍ സിങുമായി സംസാരിച്ചു. മണിപ്പൂരിലെ സംഘര്‍ഷ മേഖലയായ ചുരാചന്ദ്പൂരില്‍ ജനങ്ങള്‍ കറുത്ത വസ്ത്രം ധരിച്ച് വന്‍ റാലി നടത്തി.