ന്യൂഡല്‍ഹി: അതിവേഗം പടരുന്ന തരത്തിലുള്ളതാണ് ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കോവിഡ് വൈറസുകളെന്നും അതുകൊണ്ടാണ് ഇന്ത്യയിലും അധികൃതര്‍ ജാഗ്രത കര്‍ശനമാക്കിയതെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ.
രാജ്യത്തിന് അടുത്ത ആറു മുതല്‍ എട്ട് ആഴ്ചക്കാലം അതി നിര്‍ണായകമാണ്. എന്നാല്‍ ഈ വൈറസ് കൊണ്ട് മരണനിരക്ക് വര്‍ധിച്ചിട്ടില്ലെന്നും അതിനാല്‍ കോവിഡ് വൈറസിന്റെ ജനിതക മാറ്റത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ മാസവും രണ്ടു തവണയെങ്കിലും വൈറസ് ജനിതക മാറ്റത്തിന് വിധേയമാകുന്നുണ്ട്. വൈറസിന്റെ പുതിയ ജനിതക മാറ്റം മൂലം രോഗ ലക്ഷണങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല. ഇത് ചികില്‍സാ രീതികളിലും മാറ്റം വരുത്തേണ്ട തലത്തിലുള്ളതല്ല.
നിലവിലെ വിവരം അനുസരിച്ച് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്സിന്‍ ബ്രിട്ടനിലെ വകഭേദം വന്ന വൈറസിനും ഫലപ്രദമാണെന്നും ഗുലേറിയ പറഞ്ഞു.