മണിപ്പൂരിൽ വീണ്ടും സംഘർഷം; സ്കൂളിന് തീയിട്ടു, ഇരു വിഭാഗങ്ങളും തമ്മിൽ വെടിവെയ്പ്പ്

മണിപ്പൂരിൽ വീണ്ടും സംഘർഷം; സ്കൂളിന് തീയിട്ടു, ഇരു വിഭാഗങ്ങളും തമ്മിൽ വെടിവെയ്പ്പ്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂർ- ബിഷ്ണുപൂർ അതിർത്തിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വെടിവെയ്പ്പുണ്ടായി. വെടിവെയ്പ്പിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരാചന്ദ്പൂരിൽ അക്രമികൾ സ്‌കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.

ഇംഫാൽ വിമാനതാവളത്തിൽ കൂടുതൽ ജവാൻമാരെ വിന്യസിക്കണമെന്ന് സിഐഎസ്എഫ് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയാണ് ആവശ്യം അറിയിച്ചത്. അതേസമയം സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ സംഭവത്തിൽ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേരെയാണ് ഇതു വരെ അറസ്റ്റ് ചെയ്തത്.

കലാപം തുടരുന്ന മണിപ്പൂരിലെ മുഖ്യമന്ത്രി എൻ ബിരേൻ സിങിനെ മാറ്റണമെന്ന നിലപാട് ഗോത്രവർഗ എംഎൽഎമാർ ശക്തമാക്കി. മുഖ്യമന്ത്രി അക്രമികളുമായി ഒത്തുകളിച്ചെന്ന് ബിജെപി എംഎൽഎ ഹയോക്കിപ്പ് ആരോപിച്ചു. അക്രമം നടക്കുമ്പോൾ മകളുടെ ഫോണെടുത്ത് സംസാരിച്ചത് ഒരു സ്ത്രീയാണെന്ന് ഇംഫാലിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയും മണിപ്പൂരിൽ ഒരു സ്ത്രീക്ക് വെടിയേറ്റിരുന്നു.

മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റിൽ പ്രതിഷേധമുയരുമെന്നാണ് വിവരം. വിഷയത്തിൽ വിശദമായ ചർച്ച വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടായിരിക്കും പ്രതിപക്ഷ പ്രതിഷേധം. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ലോക്സഭയിലും രാജ്യസഭയിലും ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.