സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നാല് ഉപാധികളുമായി കര്‍ഷകര്‍

സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍  നാല് ഉപാധികളുമായി കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷകരുമായി നടന്ന അഞ്ച് ചര്‍ച്ചകളിലും കേന്ദ്ര സര്‍ക്കാരാണ് ഉപാധികള്‍ വച്ചതെങ്കില്‍ 29 ന് നടക്കുന്ന ആറാം ചര്‍ച്ചയില്‍ കര്‍ഷകര്‍ ഉപാധികള്‍ മുന്നോട്ടുവച്ചിരിക്കുകയാണ്.

പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍, താങ്ങുവിലയില്‍ ഉള്ള രേഖാമൂലമുള്ള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥയും, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുകൂടാതെ കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കര്‍ഷകര്‍ പ്രതിഷേധം രേഖപ്പെടുത്തി. കര്‍ഷകര്‍ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും ഒരു ഘട്ടത്തിലും കര്‍ഷകര്‍ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ലന്നും പകരം നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ എല്ലാ സംവിധാനവും ഉപയോഗിച്ച് കര്‍ഷകര്‍ക്കെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും കത്തില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരാണ് ഭേദഗതി നിര്‍ദേശം മുന്നോട്ട് വച്ചതെന്നും എന്നാല്‍ മന്ത്രിമാര്‍ കര്‍ഷകര്‍ ഭേദഗതി നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടു എന്ന രീതിയിലാണ് പ്രചരണം നടത്തുന്നതെന്നും കത്തില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.