യുഎഇയില്‍ മന്ത്രവാദം നടത്തിയ ഏഴ് പേർക്ക് ജയില്‍ ശിക്ഷ

യുഎഇയില്‍ മന്ത്രവാദം നടത്തിയ ഏഴ് പേർക്ക് ജയില്‍ ശിക്ഷ

അബുദാബി: മന്ത്രവാദ പ്രവർത്തികള്‍ നടത്തുകയും മറ്റുളളവരെ ആഭിചാരക്രിയകള്‍ നടത്തി വഞ്ചിക്കുകയും ചെയ്ത കേസില്‍ യുഎഇയില്‍ ഏഴ് പേർക്ക് ജയില്‍ ശിക്ഷയും പിഴയും. ആറ് മാസത്തെ ജയില്‍ ശിക്ഷയും 50,000 ദിർഹം പിഴയുമാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് വിധിച്ചിരിക്കുന്നത്.

പ്രതികള്‍ വഞ്ചിച്ച വ്യക്തികളുടെ അനുഭവമുള്‍പ്പടെ പങ്കുവച്ചുകൊണ്ടാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 400 വർഷത്തിലേറെ പഴക്കമുളള രാജാക്കന്‍മാരുടെ കൈവശമുണ്ടായിരുന്ന ജിന്ന് തങ്ങളിലുണ്ടെന്നും വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നും അവകാശപ്പെട്ടാണ് പ്രതികള്‍ ആളുകളെ വഞ്ചിച്ചത്.

മന്ത്രവാദം,വഞ്ചന, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് 7 പേരെയും കോടതിയില്‍ ഹാജരാക്കിയത്. കുറ്റം തെളിഞ്ഞതിനാല്‍ പ്രതികള്‍ക്ക് ആറുമാസത്തെ തടവും ജുഡീഷ്യല്‍ ഫീസിന് പുറമെ 50,000 ദിർഹം പിഴയും വിധിച്ചു.

യുഎഇ ഫെഡറല്‍ ഡിക്രി നിയമം നമ്പർ 31 പ്രകാരം ആഭിചാരവും മന്ത്രവാദവും കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ആവർത്തിച്ചു. മന്ത്രവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.