അബുദബി: ഈ വർഷത്തിന്‍റെ ആദ്യപകുതിയില്‍ വിദേശ നിക്ഷേപത്തില്‍ വന്‍ വർദ്ധനവ് രേഖപ്പെടുത്തി അബുദബി. 83.46 കോടി ദിർഹമായാണ് വിദേശ നിക്ഷേപം വർദ്ധിച്ചത്. 2022 ലെ ഇതേ കാലയളവിനേക്കാള്‍ 363 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അബുദബി നഗര ഗതാഗത വകുപ്പ് പങ്കുവച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.
നിക്ഷേപത്തിന്‍റെ 34 ശതമാനവും സദിയാത്ത് ഐലന്‍റിലാണെന്നുളളതാണ് മറ്റൊരു പ്രത്യേകത. 28 ശതമാനം യാസ് ഐലന്‍റിലുമാണുളളത്. അല്‍ ജുർഫില്‍ 12 ശതമാനവും അല്‍ റീം ഐലന്‍റില്‍ 11 ശതമാനവും അല്‍ ഷംഖയില്‍ 8 ശതമാനവും നിക്ഷേപം നടന്നിട്ടുണ്ട്. അബുദബിയില്‍ വിദേശ നിക്ഷേപ തോത് വർദ്ധിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് നഗര ഗതാഗത വകുപ്പിലെ റിയല്‍ എസ്റ്റേറ്റ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അദീബ് അല്‍ അഫീഫി പറഞ്ഞു.
ഭാവിയിലും നിക്ഷേപത്തിന് അനുയോജ്യമായ ഘടകങ്ങള്‍ എമിറേറ്റിലൊരുക്കും. വിദേശ നിക്ഷേപകർക്ക് അബുദബി എത്രത്തോളം പ്രിയങ്കരമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം വിലയിരുത്തി.