മസ്കറ്റ് : ഭാരതത്തിൻറെ പ്രഥമ വിശുദ്ധയും കേരള സഭയുടെ പുണ്യവുമായ വി. അൽഫോൻസാമ്മയുടെ തിരുനാൾ പതിവുപോലെ കൊണ്ടാടുവാൻ ഒരുങ്ങി ഒമാനിലെ ഗാലാ ഹോളി സ്പിരിറ്റ് കത്തോലിക്കാ ദേവാലയം. അൽഫോൻസാമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതു മുതൽ എല്ലാവർഷവും നടത്തിവരുന്ന ഒൻപതു ദിവസത്തെ വി. കുർബാനയോടു കൂടിയുള്ള ഒരുക്ക നൊവേനക്കും പ്രധാന തിരുനാളിനും അഭൂദപൂർവ്വമായ പങ്കാളിത്തമാണ് വിശ്വാസികളിൽ നിന്നും ഉണ്ടാകാറുള്ളത്.
ജൂലൈ 19 നായിരുന്നു തിരുനാൾ കൊടിയേറ്റം. ഗൾഫിൽ പൊതുവെ അവധിക്കാലമായതിനാൽ പല ഇടവകാംഗങ്ങളും നാട്ടിൽ ആണെങ്കിൽകൂടി മസ്ക്കറ്റിനു വെളിയിൽനിന്നു വരുന്നവരുൾപ്പെടെ രണ്ടായിരത്തിലേറെ വിശ്വാസികൾ തിരുനാളിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇടവക വികാരി ഫാ. ജോർജ്ജ് വടുക്കൂട്ട് സി ന്യൂസിനോട് പറഞ്ഞു.
വൈകുന്നേരം 8:30 നു സിറോ മലബാർ ക്രമത്തിലുള്ള ആഘോഷമായ വി. കുർബാനയോടു കൂടി ആരംഭിക്കുന്ന തിരുനാൾ ആഘോഷം തുടർന്ന് ലദീഞ്ഞ് പ്രദിക്ഷണം നേർച്ച വിളമ്പ് കൊടിയിറക്ക് എന്നിവയോടു കൂടി സമാപിക്കും.