ദുബായ്: അസാധാരണ വലിപ്പത്തോടെ ചന്ദ്രന്‍ ദൃശ്യമാകുന്ന സൂപ്പർമൂണ്‍ പ്രതിഭാസം ഓഗസ്റ്റില്‍ രണ്ട് തവണയുണ്ടാകുമെന്ന് ജ്യോതിശാസ്ത്രജ്ഞർ. ഓഗസ്റ്റ് 1 നും ഓഗസ്റ്റ് 30 നുമാണ് വലിപ്പമേറിയ ചന്ദ്രനെ കാണാനാവുകയെന്ന് ദുബായ് അസ്ട്രോണമി ഏജൻസി (ഡിഎജി) അറിയിച്ചു.
ഓഗസ്റ്റ് 1 ന് മുഷ്രിഫ് പാർക്കിലെ അല്‍ തുറായ അസ്ട്രോണമി സെന്‍ററില്‍ സൂപ്പർ മൂണ്‍ കാണാനായുളള സൗകര്യങ്ങള്‍ ഡിഎജി ഒരുക്കുന്നുണ്ട്. രാത്രി 7 മുതല്‍ 9 വരെയാണ് സമയം. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ഫീസില്‍ ആകാശവിസ്മയം കാണാം. ഡിഎജി അംഗങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ഓഗസ്റ്റിൽ കാണുന്ന സൂപ്പർമൂൺ സ്റ്റർജൻ മൂൺ എന്നാണ് അറിയപ്പെടുന്നത്. സ്റ്റർജന്‍ എന്നുളളത് ഒരു മത്സ്യവിഭാഗമാണ്. ഓഗസ്റ്റ് 30ന് ആണ് ചന്ദ്രൻ ഭൂമിയുമായി ഏറ്റവും അടുത്ത് വരുന്നത്. സൂപ്പർ മൂണ്‍ പ്രതിഭാസം സംഭവിക്കുമ്പോള്‍ സാധാരണ ദൃശ്യമാകുന്നതില്‍ നിന്നും 8 ശതമാനം അധിക വലിപ്പവും 16 ശതമാനത്തിലധികം അധിക പ്രകാശവും ചന്ദ്രനുണ്ടാകും.