ന്യൂഡല്‍ഹി: 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി ബിജെപി. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായേക്കുമെന്ന് ഭയന്നാണ് പിന്മാറ്റമെന്നാണ് സൂചന. അതേസമയം തിരഞ്ഞെടുപ്പ് വരെ വിഷയം സജീവ ചര്‍ച്ചയാക്കി നിര്‍ത്താനും ബിജെപി ആലോചിക്കുന്നുണ്ട്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണുള്ളത്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. ഏകീകൃത സിവില്‍ കോഡ് വിഷയം സങ്കീര്‍ണമെന്നും കൂടുതല്‍ പഠനം ആവശ്യമെന്നും പിന്മാറ്റത്തിന്റെ കാരണമായി നേതാക്കള്‍ പറയുന്നു.
എല്ലാ വിഭാഗങ്ങളെയും സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തിയാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് വരെ അത് വഴിവെച്ചേക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതേസമയം ഉത്തരാഖണ്ഡില്‍ നിയമത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനത്ത് അധികം വൈകാതെ നിയമമായി പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.
ഭോപ്പാലില്‍ പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചയാക്കിയത്. പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇത് അധികം വൈകാതെ നടപ്പാക്കുമെന്ന പ്രതീതിയുണ്ടായി. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി പലയിടത്തും രംഗത്തെത്തി.