ഇന്ത്യയുടെ സ്വപ്നപേടകം ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍

ഇന്ത്യയുടെ സ്വപ്നപേടകം ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍

ബംഗളൂരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് അതിന്റെ മറ്റൊരു നിര്‍ണായക ഘട്ടംകൂടി വിജയകരമായി പിന്നിട്ടു. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴുമണിയോടെ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.


ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3, 22ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം അഞ്ച് ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. തുടര്‍ന്ന് ഓഗസ്റ്റ് 23നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. അഞ്ച് ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ട്രി എന്ന പഥത്തിലൂടെ സഞ്ചരിച്ചാണ് ചന്ദ്രയാന്‍ 3 ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടന്നത്.

പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എന്‍ജിന്‍ 29 മിനിറ്റ് ജ്വലിപ്പിച്ചാണ് ചന്ദ്രയാന്‍ 3ന്റെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കിയത്. ഇനി ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി പേടകത്തെ ചന്ദ്രോപരിതലത്തോട് അടുപ്പിക്കും. ഞായറാഴ്ച രാത്രി 11നാണ് ആദ്യ ഭ്രമണപഥം താഴ്ത്തല്‍. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും പേടകം പിന്നിട്ടു കഴിഞ്ഞു.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂഗുരുത്വ വലയത്തില്‍ നിന്ന് പുറത്തു കടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.