ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒരു മാസം പിന്നിട്ട് കര്‍ഷക സമരം പുതുവര്‍ഷത്തിന് മുൻപ് ഒത്തുതീർപ്പാക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപടികൾ തുടങ്ങി. നാളെ ഉച്ചയ്ക്ക് രണ്ടിന് കര്‍ഷക പ്രതിനിധികളുമായി കേന്ദ്രം ചര്‍ച്ച തീരുമാനിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങുവിലയ്ക്കായുള്ള ഉറപ്പ്, സൗജന്യ വൈദ്യുതി തുടങ്ങി ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് സര്‍ക്കാരുമായി നാളെ കര്‍ഷക സംഘടനകള്‍ ചര്‍ച്ചക്ക് പോകുന്നത്.
സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതീക്ഷ. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചർച്ചയ്ക്ക് വരാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്. എന്നാല്‍ കൂടിയാലോചനകള്‍ വേണ്ടതിനാല്‍ ബുധനാഴ്ച ഉച്ചക്ക് 2 മണിയിലേക്ക് ചര്‍ച്ച മാറ്റുകയാണെന്ന് കര്‍ഷക സംഘടനകളെ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ കര്‍ഷക പ്രക്ഷോഭം നീണ്ടുപോകുന്നത് സര്‍ക്കാരിന് സമ്മർദ്ദമാണ്. പുതുവര്‍ഷത്തിലേക്ക് സമരം കടക്കാതിരിക്കാൻ ചില വിട്ടുവീഴ്ചകൾ സര്‍ക്കാര്‍ വരുത്തിയേക്കും.