കല്‍പ്പറ്റ: മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ളതെന്ന് രാഹുല്‍ ഗാന്ധി. എംപി സ്ഥാനം തിരിച്ചുകിട്ടിയതിന് പിന്നാലെ വയനാട്ടില്‍ എത്തിയപ്പോഴാണ് രാഹുല്‍ മണിപ്പൂരിലെ ദുരിത കഥകള്‍ വിവരിച്ചത്. വര്‍ഷങ്ങളായി ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഉത്തര്‍പ്രദേശ് പോലുള്ള സ്ഥലത്തെ അക്രമം നടന്ന പ്രദേശങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മണിപ്പൂരില്‍ ഞാന്‍ കണ്ട കാഴ്ച്ചകള്‍ അതിനേക്കാള്‍ എല്ലാം മുകളിലാണ്.
ആദ്യം സന്ദര്‍ശിച്ചത് ഒരു ദുരിത്വാസ ക്യാമ്പാണ്. അവിടെ ഒരു സ്ത്രീ മാത്രം നിലത്ത് കിടക്കുന്നുണ്ടായിരുന്നു. ആരും അവരുടെ കൂട്ടിനില്ലായിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ വിഷമിപ്പിക്കുന്നതാണെന്നും രാഹുല്‍ പറഞ്ഞു. ആ സ്ത്രീയോട് ഞാന്‍ നിങ്ങള്‍ക്കൊപ്പം ആരുമില്ലേ എന്ന് ചോദിച്ചു. എന്റെ കുടുംബത്തില്‍ ആരുമില്ല എന്നായിരുന്നു അവരുടെ മറുപടി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. വളരെ വിഷമത്തോടെയാണ് അവര്‍ മറുപടി നല്‍കിയത്. കുട്ടികളുമൊത്ത് വീട്ടില്‍ കിടക്കുകയായിരുന്നു ഞങ്ങള്‍. ആ സമയത്താണ് അക്രമി സംഘം വന്നത്. എന്റെ കണ്‍മുന്നില്‍ വെച്ചാണ് അവരെന്റെ മകനെ വെടിവെച്ച് കൊന്നതെന്ന് ആ സ്ത്രീ എന്നോട് പറഞ്ഞു. ആ രാത്രി മുഴുവന്‍ എന്റെ മകന്റെ മൃതദേഹത്തിനൊപ്പമാണ് ഞാന്‍ കഴിഞ്ഞത്. എന്റെ കൈകളില്‍ കിടന്നാണ് അവന്‍ മരിച്ചത്. മകനെ രക്ഷിക്കണോ, സ്വന്തം ജീവന്‍ രക്ഷിക്കണോ എന്ന് പോലും അറിയില്ലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ ഇനി മടങ്ങി വരില്ലെന്ന് മനസ്സിലായി. അവിടെ നിന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആ സ്ത്രീ പറഞ്ഞുവെന്ന് രാഹുല്‍ വ്യക്തമാക്കി.
അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ നമ്മുടെ അമ്മയ്ക്കും സഹോദരിക്കും സംഭവിച്ചിരുന്നെങ്കിലെന്ന് ചിന്തിച്ച് നോക്കൂ. നമുക്കാണ് സംഭവിച്ചിരുന്നതെന്ന് ആലോചിച്ച് നോക്കൂ. അവരുടെ അവശേഷിച്ചിരുന്ന വീട് വരെ അക്രമികള്‍ കത്തിച്ച് കളഞ്ഞു. അവര്‍ക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമാണ് തനിക്ക് ആകെ സ്വന്തമായിട്ടുള്ളതെന്ന് അവര്‍ എന്നോട് പറഞ്ഞത്.
ക്യാമ്പില്‍ കണ്ട ഒന്നോ രണ്ടോ ആളുകളുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്. അതുപോലെ ആയിരങ്ങളാണ് ക്യാമ്പുകളില്‍ ഉള്ളതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിച്ചത് രണ്ട് മിനുട്ട് മാത്രമാണെന്ന് രാഹുല്‍ ആരോപിച്ചു. തമാശകള്‍ പറഞ്ഞും, ചിരിച്ചുമായിരുന്നു മോദിയുടെ പ്രസംഗം.
എത്ര തവണ തന്നെ അയോഗ്യനാക്കിയാലും, വയനാടും, താനുമായുള്ള ബന്ധം ഇനിയും ശക്തിപ്പെടും. പ്രതിസന്ധി കാലത്ത് വയനാട്ടുകാര്‍ എന്നെ സംരക്ഷിച്ചു. ഇന്ന് താന്‍ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. എന്തുകൊണ്ട് പ്രധാനമന്ത്രി അക്രമം തടയാന്‍ നടപടി എടുത്തില്ല. മോദി ദേശീയവാദിയല്ലെന്നും രാഹുല്‍ പറഞ്ഞു.