കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുകള്‍ ഗുരുതരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കണ്ടെത്തലുകള്‍ ഗുരുതരമാണെന്നാണ് മനസിലാകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്(സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി ഇനത്തില്‍ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
മാധ്യമങ്ങളില്‍ വന്നത് ആരോപണങ്ങള്‍ മാത്രമല്ല ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ കൂടിയാണ്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് വിശദീകരണം തേടണോയെന്ന് പിന്നീട് തീരുമാനിക്കും. ഇതിനായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസിലാക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
2017-20 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി ലഭിച്ചതെന്നും ഇത് നിയമവിരുദ്ധ പണമിടപാടാണെന്നും ആദായ നികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് പണം നല്‍കിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ ആദായ നികുതി വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വര്‍ സിങ്, എം. ജഗദീഷ് ബാബു എന്നിവര്‍ ഉള്‍പ്പെട്ട സെറ്റില്‍മെന്റ് ബോര്‍ഡ് ബെഞ്ച് വ്യക്തമാക്കിയിരുന്നു.