'സുപ്രീം കോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ': എം.വി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് ബിഷപ്പ്

'സുപ്രീം കോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ': എം.വി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് ബിഷപ്പ്

തിരുവനന്തപുരം: സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രസനാധിപന്‍ സഖറിയാസ് മാര്‍ സേവേറിയോസ്.

സഭാ തര്‍ക്കത്തിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ ആകില്ല എന്ന ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ  'സുപ്രീം കോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ' എന്നായിരുന്നു ഫെയ്‌സ് ബുക്കിലൂടെയുള്ള അദേഹത്തിന്റെ പ്രതികരണം.

ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും അത് നടപ്പിലാക്കാന്‍ തടസങ്ങളുണ്ട്. രണ്ട് വിഭാഗക്കാരും ഇത് തിരിച്ചറിയണമെന്നും യോജിച്ച് മുന്നോട്ട് പോകണമെന്നും എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരും സിപിഎമ്മും പക്ഷം ചേരാനില്ല. പൂര്‍ണമായും യാക്കോബായ വിഭാഗം നിര്‍മ്മിച്ച പള്ളികളുണ്ട്. പളളികള്‍ നിയമപരമായി ഓര്‍ത്തഡോക്‌സിന് കൊടുക്കണം എന്ന് പറയുന്നത് സങ്കീര്‍ണമായ കാര്യമാണ്.

സമാധാനപരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഇന്ന് രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സഖറിയാസ് മാര്‍ സേവേറിയോസ് വിമര്‍ശനമുന്നയിച്ചത്.

'ചര്‍ച്ചകള്‍ നല്ലതാണ്. സമാധാനപരമായ പര്യവസാനത്തിനും എതിരില്ല. പക്ഷേ, സുപ്രീം കോടതി വിധിയും ഒരു മിത്ത് ആണെന്ന് പറയല്ലേ മാഷേ' ... എന്നായിരുന്നു സഖറിയാസ് മാര്‍ സേവേറിയോസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.