തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നല്‍കുന്ന ഉജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.
ആറു മുതല്‍ 11 വയസ് വരെ, 12 മുതല്‍ 18 വയസ് വരെ വിഭാഗങ്ങളിലായി ജില്ലയില്‍ നിന്നും നാല് കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്. ഭിന്നശേഷി കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ബാല്‍ ശക്തി പുരസ്‌കാരം ലഭിച്ച കുട്ടികളുടെയും ഉജ്വലബാല്യം പുരസ്‌കാരം ലഭിച്ച കുട്ടികളുടെയും അപേക്ഷ പരിഗണിക്കില്ലെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പ്രസ്തുത കാലയളവില്‍ നടത്തിയ പ്രകടനങ്ങളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകം ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാ-കായിക പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പെന്‍ഡ്രൈവ് /സി. ഡി, പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം. തിരുവനന്തപുരം ജില്ലയില്‍ നിന്ന് പുരസ്‌കാരത്തിനായി അര്‍ഹതയുള്ള കുട്ടികള്‍ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സെപ്റ്റംബര്‍ 15ന് മുന്‍പായി ജില്ല ശിശുസംരക്ഷണ യൂണിറ്റില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2 345 121, wcd.kerala.gov.in