തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കും. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് സന്ദേശം നല്‍കും.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും.
ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിക്കും.