രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി മോഡി; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി മോഡി; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

ന്യൂഡല്‍ഹി: എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ഇന്ത്യ. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാക ഉയര്‍ത്തി. ഗാര്‍ഡര്‍ ഓഫ് ഓണര്‍ നല്‍കിയാണ് പ്രധാനമന്ത്രിയെ ചെങ്കോട്ടയിലേക്കു സ്വാഗതം ചെയ്തത്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

രാജ്യം മണിപ്പൂരിനൊപ്പമാണെന്ന് ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

'കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ മണിപ്പൂരില്‍ അക്രമത്തിന്റെ തിരമാലകള്‍ കണ്ടു. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരമാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോള്‍, മേഖലയില്‍ സമാധാനം പതുക്കെ തിരിച്ചുവരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പം നില്‍ക്കുന്നു. മണിപ്പൂരില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി സമാധാനം നിലനില്‍ക്കുന്നുണ്ട്, അങ്ങനെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂരിലെ സമാധാനത്തിനായി ശ്രമം തുടരുകയാണ്' - പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സങ്കല്‍പ്പിക്കാനാവാത്ത പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഇത് നേരിട്ട എല്ലാ കുടുംബങ്ങള്‍ക്കും തന്റെ അനുശോചനം അറിയിക്കുന്നുവെന്നും മോഡി പറഞ്ഞു.

'കോവിഡിന് ശേഷം പുതിയ ലോകക്രമം ഉടലെടുക്കുകയാണ്. മാറുന്ന ലോകത്തെ രൂപപ്പെടുത്താന്‍ ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകള്‍ പ്രധാനമാണ്. ഈ അവസരം ജനങ്ങള്‍ ഉപയോഗപ്പെടുത്തണം' - പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ആദ്യമെന്ന നയമാണ് 2014-ലും 2019-ലും ജനങ്ങള്‍ ബിജെപിയെ തിരഞ്ഞെടുക്കാന്‍ കാരണമായത്. 2024-ലും 2029-ലും ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

1800 പേര്‍ക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പ്രത്യേക ക്ഷണമുള്ളത്. അന്‍പതോളം നഴ്സുമാരെയും അവരുടെ കുടുംബാംഗങ്ങളെയും അതിഥികളായി ക്ഷണിച്ചിട്ടുണ്ട് എന്നതു ശ്രദ്ധേയമായിരുന്നു. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് സ്വീകരിച്ചത്. കേന്ദ്ര മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, കര-വ്യോമ-നാവിക സേന മേധാവിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധിപേരാണ് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ചെങ്കോട്ടയിലെത്തിയത്.

ത്രിവര്‍ണ നിറത്തിലുള്ള തലപ്പാവ് അണിഞ്ഞാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയ ശേഷം എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ ചെങ്കോട്ടയില്‍ പുഷ്പവൃഷ്ടിയും നടത്തി. പഴുതടച്ച ക്രമീകരണങ്ങള്‍ ചെങ്കോട്ടയില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തികളിലും പ്രധാന നഗരങ്ങളിലും, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.