സംസ്ഥാനം കടന്ന് എഐ ക്യാമറ പെരുമ; കേരളാ മാതൃകയില്‍ മഹാരാഷ്ട്രയിലും സ്ഥാപിക്കും

സംസ്ഥാനം കടന്ന് എഐ ക്യാമറ പെരുമ; കേരളാ മാതൃകയില്‍ മഹാരാഷ്ട്രയിലും സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ വിവേക് ഭീമാന്‍വര്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി. കേരള മാതൃകയില്‍ എഐ ക്യാമറകള്‍ മഹാരാഷ്ട്രയില്‍ സ്ഥാപിക്കാന്‍ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു.

എഐ ക്യാമറ ജില്ലാ കണ്‍ട്രോള്‍ റൂം, സംസ്ഥാന കണ്‍ട്രോള്‍ റൂം എന്നി ഓഫീസുകള്‍ അദേഹം സന്ദര്‍ശിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റില്‍ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. തുടര്‍ന്ന് കെല്‍ട്രോണ്‍ സംഘത്തെ എഐ ക്യാമറ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ചു. എഐ ക്യാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്നാണ് വിവേക് ഭീമാന്‍വര്‍ പ്രതികരിച്ചത്.

എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ കേരളത്തില്‍ വാഹന അപകടങ്ങളും, അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞുവെന്നും മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃകയില്‍ എഐ ക്യാമറ സ്ഥാപിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതിലൂടെ എഐ ക്യാമറ പദ്ധതി വന്‍വിജയമാണെന്നാണ് വ്യക്തമാകുന്നതെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങള്‍ എഐ ക്യാമറ പദ്ധതിയുടെ വിജയമായി കണക്കാക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.