ബംഗളുരു: ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍ 3 ന്റെ അവസാന ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് രാവിലെ 8.30 ന്. അതോടെ ചന്ദ്രയാന്‍ 3 ചാന്ദ്രോപരിതലത്തില്‍ നിന്ന് വെറും 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തും.
ഇപ്പോള്‍ പിന്തുടരുന്ന ഭ്രമണപഥത്തിന്റെ ആകൃതിയില്‍ നിന്ന് മാറി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം ഇതോടെ പ്രവേശിക്കുക. നാളെയാണ് ഏറെ നിര്‍ണായകമായ ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടല്‍ പ്രക്രിയ.
ഓഗസ്റ്റ് 14 ന് രാവിലെ 11.50 ഓടെ ചന്ദ്രന് 150 കിലോ മീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പ്രവേശിച്ചിരുന്നു. ഈ മാസം 23 ന് ചന്ദ്രോപരിതലത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യും.
ജൂലൈ 14 നായിരുന്നു ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. ജൂലൈ 14 ലെ വിക്ഷേപണ ശേഷം പടിപടിയായി ഭൂമിയ്ക്ക് മുകളിലുള്ള ഭ്രമണപഥമുയര്‍ത്തി പേടകം ഓഗസ്റ്റ് മാസത്തോടെ ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു.
ചാന്ദ്രപഥത്തില്‍ കയറിയ ചന്ദ്രയാന്‍ 3 പേടകം ഓഗസ്റ്റ് ആറിന് രാത്രി 11 ന് ആദ്യ ഭ്രമണപഥം താഴ്ത്തി. പിന്നീട് ഓഗസ്റ്റ് ഒമ്പതിനും പതിനാലിനും ഭ്രമണപഥം വിജയകരമായി താഴ്ത്തി.
2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. അത്തരം പ്രതിസന്ധികളെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് ഐഎസ്ആര്‍ഒ ഇത്തവണ നടത്തിയിട്ടുള്ളത്.