നാമജപയാത്ര: ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

നാമജപയാത്ര: ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ ഇടതു സര്‍ക്കാരിന്റെ നീക്കം. മിത്ത് വിവാദത്തില്‍ എന്‍എസ്എസ് നടത്തിയ നാമജപയാത്രക്കെതിരായ കേസ് പിന്‍വലിക്കാനാണ് തിരക്കിട്ട നീക്കം നടക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിയമസാധുത പരിശോധിച്ചതായാണ് റിപ്പോര്‍ട്ട്.

കേസില്‍ തുടര്‍നടപടി അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആലോചന. നാമജപയാത്ര നടത്തിയവര്‍ക്ക് ഗൂഢ ലക്ഷ്യമില്ലായിരുന്നുവെന്നും അക്രമം നടത്തിയില്ലെന്നും വിശദീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആലോചിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘവുമായി മൂന്നുവട്ടം ചര്‍ച്ച നടത്തിയതായാണ് സൂചന.

നാമജപയാത്ര നടത്തിയവര്‍ക്ക് ക്രിമിനല്‍ ഉദ്ദേശമുണ്ടായിരുന്നില്ല. അവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ബ്ലോക്ക് ചെയ്തു യാത്ര നടത്തിയതാണെന്നും അവര്‍ ആരെയും ശല്യം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് കേസില്‍ തുടര്‍നടപടിയുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുത്ത മജിസ്ട്രേറ്റ് കോടതിയില്‍ റഫറല്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആലോചന. അതേസമയം കേസ് പിന്‍വലിക്കുന്നതിന് നിയമതടസമുണ്ടെന്നാണ് പൊലീസിന്റെ നിലപാട് എന്നാണ് സൂചന.

എന്നാല്‍ എന്‍എസ്എസിന്റെ നാമജപയാത്രക്കെതിരെ എടുത്ത കേസ് നിലനില്‍ക്കുന്നതാണെന്നും ശക്തമായ തെളിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി നാമജപയാത്രക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതിയിലുണ്ട്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകരുടെ നിയമോപദേശവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഈ നിയമോപദേശം ലഭിച്ചശേഷമാകും അന്തിമ തീരുമാനമെടുക്കുക.

മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ ഷംസീറിനെതിരെ എന്‍എസ്എസ് തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി വരെ നടത്തിയ നാമജപയാത്രക്കെതിരെയായിരുന്നു കേസ്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസ് എടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.