നാമജപ ഘോഷയാത്ര കേസ്: സ്പീക്കര്‍ തിരുത്താതെ പിന്നോട്ടില്ലെന്ന് എന്‍എസ്എസ്

 നാമജപ ഘോഷയാത്ര കേസ്: സ്പീക്കര്‍ തിരുത്താതെ പിന്നോട്ടില്ലെന്ന് എന്‍എസ്എസ്

തിരുവനന്തപുരം: ഗണപതി വിവാദത്തില്‍ നാമജപയാത്രയ്‌ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നടപടിയില്‍ പ്രതികരണവുമായി എന്‍എസ്എസ്. കേസല്ല പ്രധാനമെന്നും സ്പീക്കര്‍ നിലപാട് തിരുത്തുകയാണ് വേണ്ടതെന്നും എന്‍എസ്എസ് വ്യക്തമാക്കി. പരാമര്‍ശം സ്പീക്കര്‍ തിരുത്തുകയോ പിന്‍വലിക്കുകയോ വേണം. അല്ലാതെ പിന്നോട്ടില്ലെന്നും എന്‍എസ്എസ് നേതൃത്വം അറിയിച്ചു.

കേസുകള്‍ നിയമപരമായി തന്നെ നേരിടാമെന്നതാണ് എന്‍എസ്എസ് നിലപാട്. ഇപ്പോഴത്തെ വിവാദത്തില്‍ സ്പീക്കര്‍ നിലപാട് തിരുത്തുകയാണ് വേണ്ടതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എന്‍എസ്എസിനെതിരായ നിലപാടില്‍ സര്‍ക്കാര്‍ അയവ് വരുത്തുന്നുവെന്നാണ് പൊലീസ് നീക്കം വ്യക്തമാക്കുന്നത്.

ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ലാത്തതിനാല്‍ നിയമോപദേശം തേടിയതിന് ശേഷമായിരിക്കും പൊലീസിന്റെ അടുത്ത നീക്കം. എന്‍എസ്എസിന്റെ നാമജപ യാത്രയ്ക്ക് ഗൂഢലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് കോടതിയില്‍ വ്യക്തമാക്കാനാകും പൊലീസ് ശ്രമിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.