മണിപ്പൂരിലെ സ്ത്രീകളുടെ അവസ്ഥ വേദനിപ്പിക്കുന്നത്: കേരള വനിത കമ്മിഷന്‍ അധ്യക്ഷ

മണിപ്പൂരിലെ സ്ത്രീകളുടെ അവസ്ഥ വേദനിപ്പിക്കുന്നത്: കേരള വനിത കമ്മിഷന്‍ അധ്യക്ഷ

തിരുവനന്തപുരം: മണിപ്പൂരിലെ സംഘര്‍ഷ സ്ഥിതിയില്‍ എല്ലാ ദുരിതങ്ങളും പേറേണ്ടിവരുന്ന സ്ത്രീകളുടെ കഠിനാവസ്ഥ വേദനിപ്പിക്കുന്നതാണെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും വനിത കമ്മിഷനുകളുടെ റീജിയണല്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന അധ്യക്ഷ.

സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനമാണ് വലിയതോതില്‍ മണിപ്പൂരില്‍ നടക്കുന്നതെന്നും ഇത് സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നെന്നും അധ്യക്ഷ പറഞ്ഞു. അക്രമത്തിനിരയായ സ്ത്രീകളെ പിന്തുണയ്ക്കാന്‍ എല്ലാവരും ഏകമനസോടെ മുന്നോട്ടുവരണം. കൂടുതല്‍ ലിംഗസമത്വം പുലരുന്ന സമൂഹം കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം നടപ്പാക്കുന്നതിന് ദേശീയ വനിത കമ്മീഷന്റെ ധനസഹായം ലഭ്യമാക്കണമെന്നും കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

തമിഴ്‌നാട് വനിതാ കമ്മിഷന്‍ അധ്യക്ഷ എ.എസ് കുമാരി, സംസ്ഥാന വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ മഞ്ജു പ്രസന്നന്‍ പിള്ള, സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, സംസ്ഥാന വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയ വാഷിങ്ടണ്‍ എന്നിവര്‍ പങ്കെടുത്തു.

കേരള വനിത കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നുള്ള വനിത ശിശു വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്, എന്‍ജിഒകള്‍, ഈ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ ഏകദിന റീജിയണല്‍ മീറ്റില്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.