മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് 'ഇംപോസിഷന്‍' പോരാ: മനുഷ്യാവകാശ കമ്മീഷന്‍

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് 'ഇംപോസിഷന്‍' പോരാ: മനുഷ്യാവകാശ കമ്മീഷന്‍

എറണാകുളം: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാരെ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ ഇംപോസിഷന്‍ എഴുതിച്ചതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിന് ക്ലാസുകളും ബോധവത്ക്കരണവുമാണ് പരിഷ്‌കൃത സമൂഹത്തില്‍ ആവശ്യമെന്നും കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു.

മദ്യപിച്ച് വാഹമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇമ്പോസിഷന്‍ മാത്രം നല്‍കുന്നത് നല്ല നടപടിയല്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹന പരിശോധനകള്‍ അത്യാവശ്യമാണന്ന് കൊച്ചി സിറ്റി പൊലീസ്, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആന്റ് കമ്മീഷണര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറഞ്ഞു.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഇക്കഴിഞ്ഞ ഫെബ്രുവരി പതിമൂന്നിന് നടത്തിയ വാഹന പരിശോധനയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പതിനഞ്ച് ഡ്രൈവര്‍മാരാണ് മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് പിടിയിലായതെന്ന് കൊച്ചി സിറ്റി ഐ. ജി. കമ്മീഷനെ അറിയിച്ചു.

അറസ്റ്റിലായവരില്‍ രണ്ട് പേര്‍ കെ.എസ്.ആര്‍.ടി.സിയിലെയും നാലു പേര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെയും ഒന്‍പതു പേര്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാരുമാണ്. ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുത്തതിന് പുറമേയാണ് ഹില്‍പാലസ് എസ്.എച്ച്.ഒ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കിയത്.

എസ്.എച്ച്.ഒ അനന്തര നടപടികളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് വിശദീകരണം നല്‍കുയതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ രേഖാ മൂലം എഴുതി നല്‍കി. എന്നാല്‍ പൊതു സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുക മാത്രമാണ് ഹില്‍പാലസ് എസ്. എച്ച്. ഒ ചെയ്തതെന്നും ഐ.ജി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.