തിരുവനനന്തപുരം: മണിപ്പൂരില്‍ സര്‍ക്കാരിന്റെ ഹൃദയം മാത്രമല്ല രാഷ്ട്രീയ ഇച്ഛാശക്തിയും പ്രവര്‍ത്തിക്കണമെന്ന് ശശി തരൂര്‍ എംപി.
രാജ്യത്തിന്റെ ഹൃദയം മണിപ്പൂരിനൊപ്പമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷെ കലാപം ആരംഭിച്ച് മൂന്നു മാസം പിന്നിട്ടിട്ടും പ്രധാനമന്ത്രിക്ക് മണിപ്പൂരിനെക്കുറിച്ച് കാര്യമായി ഒന്നു പറയാനില്ലെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ രചിച്ച മണിപ്പൂര്‍ എഫ്ഐആര്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂര്‍ വിഷയത്തില്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാരിനോ ബിജെപിക്കോ ഒരു പരിഹാരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണിപ്പൂര്‍ രണ്ടായി വിഭജിക്കപ്പെട്ടു. ഒരു ജനത സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി കഴിയുകയാണ്. ക്യാമ്പുകളിലെ സ്ഥിതി അതീവ ദയനീയമാണ്. കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണം. ആഗോളതലത്തില്‍ രാജ്യത്തിന്റെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയെങ്കിലും വിഷയത്തില്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കാന്‍ തയാറാകണമെന്നും തരൂര്‍ വ്യക്തമാക്കി.
ഇന്ത്യ പോലെ ഒരു രാജ്യത്ത് 24 മണിക്കൂറിലേറെ ഒരു കലാപം നീണ്ടു നിന്നാല്‍ അതിനു പിന്നില്‍ തീര്‍ച്ചയായും ആരുടെയെങ്കിലും താങ്ങും തണലുമുണ്ടായിരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസ് എംപിയും വ്യക്തമാക്കി. രാജ്യത്തിന്റെ ശക്തി വൈവിധ്യമാണ്. പക്ഷേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബഹുസ്വരതയില്ലാതാക്കാനുള്ള
ശ്രമമാണ് നടക്കുന്നത്. ഇത്രയും വലിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആത്മവിശ്വാസം നിലനിര്‍ത്താന്‍ വേണ്ടിയെങ്കിലും ഒരു ഭരണമാറ്റം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, ഇ.എം രാധ, പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി. നായര്‍, മീഡിയ അക്കാഡമി സെക്രട്ടറി കെ.ജി സന്തോഷ്, ജോര്‍ജ് കള്ളിവയലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.