കൊച്ചി: നൂറ്റിനാല്‍പതുകോടി വിശ്വാസികളുടെ ആത്മീയ ആചര്യനും വത്തിക്കാന്റെ തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിനെക്കുറിച്ച് തെറ്റായ പ്രസ്താവനകള്‍ നല്‍കുന്നവരുടെ ദുരുദ്ദേശം വിശ്വാസികളും സമൂഹവും മാധ്യമങ്ങളും തിരിച്ചറിയണമെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. പേപ്പല്‍ ഡെലിഗേറ്റായ അദ്ദേഹം സര്‍ക്കാരിന്റെ അതിഥിയുമാണ്.
ഇപ്പോള്‍ മാര്‍പാപ്പയുടെ ശ്ലൈഹീക സിംഹാസനത്തിന്റെ നേരിട്ടുള്ള ഭരണത്തില്‍ ഉള്ള എറണാകുളം-അങ്കമാലി അതിരൂപതയില്‍ യഥാസമയം മാര്‍പാപ്പ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യം. എറണാകുളം സെന്റ്. മേരിസ് ബസലിക്കയില്‍ എത്തിയ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തവര്‍ സാമൂഹ്യവിരുദ്ധ ശക്തികളുടെ കയ്യിലെ പാവകളായി മാറിയെന്ന് സെക്രട്ടറി സാബു ജോസ് വ്യക്തമാക്കി.
പ്രസ്താവനകള്‍ നല്‍കുവാനായി രൂപീകരിച്ച ചില സഭാവിരുദ്ധ പ്രസ്ഥാനങ്ങളുടെ സ്വയം പ്രഖ്യാപിത പി.ആര്‍.ഒമാരുടെ പത്രക്കുറിപ്പുകള്‍ വിശ്വാസി സമൂഹവും ഉത്തരവാദിത്വമുള്ള മാധ്യമങ്ങളും അവഗണിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.