തിരുവനന്തപുരം: കൃഷിക്കാരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്നത് തികഞ്ഞ അനീതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കര്‍ഷകദിനത്തില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു അദേഹത്തിന്റെ പ്രതികരണം.
റബ്ബറിന് 250 രൂപ താങ്ങുവില നല്‍കുമെന്ന എല്‍.ഡി.എഫ് പ്രകടന പത്രിക വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ബജറ്റില്‍ 500, 600 കോടി രൂപ വിലയിരുത്തുന്ന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയത് 2021 ല്‍ 20 കോടിയും, 2022 ല്‍ 33 കോടി രൂപയും മാത്രമാണെന്നും അദേഹം ആരോപിച്ചു.
നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 500 കോടിയിലേറെ രൂപയും സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത് 1100 കോടിയിലധികം രൂപയുമാണ്. കേരളത്തിലാകെ 71,000ത്തോളം കര്‍ഷകരാണ് രണ്ടുമാസമായി നെല്ലളന്ന പണത്തിനായി കാത്തിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ മാത്രം അരലക്ഷത്തോളം കര്‍ഷകര്‍ക്ക് പണം ലഭിക്കാനുണ്ട്.
കൂടാതെ, അടയ്ക്ക കര്‍ഷകരെ സംബന്ധിച്ച് ഉല്‍പാദനക്കുറവാണ് പ്രശ്നമെങ്കില്‍ നാളികേര കര്‍ഷകര്‍ക്ക് വിലയിടിവാണ് ഏറ്റവും വലിയ പ്രതിസന്ധി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണം പേരില്‍ ഒതുങ്ങിയതോടെ പൊതുവിപണിയില്‍ തേങ്ങ വില കൂപ്പുകുത്തിയെന്നും അദേഹം ആരോപിച്ചു. കര്‍ഷകര്‍ ഒരു ജനതയുടെ സമ്പത്താണെന്നിരിക്കെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ ഭരണകൂടങ്ങള്‍ തിരിച്ചറിയണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.