പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓണ്‍ലൈനായി (സ്മാര്‍ട്‌ഫോണ്‍, ലാപ് ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിച്ച്) അപേക്ഷ നല്‍കാം. അപേക്ഷകന്‍ ഒരു പൊലീസ് കേസിലും പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കില്ലെന്ന സര്‍ട്ടിഫിക്കറ്റ് (Certificate of non involvement in Criminal Offencse ) ജോലി, പഠനം, റിക്രൂട്ട്‌മെന്റുകള്‍, യാത്രകള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ക്ക് ആവശ്യമാണ്.

കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോല്‍ ആപ്പിലൂടെ ഈ സേവനം നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. പോല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ സര്‍വീസ് എന്ന ഭാഗത്ത് ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കില്ലെന്ന സര്‍ട്ടിഫിക്കറ്റ് സെലക്ട് ചെയ്തശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം.

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന ആധാര്‍ പോലുള്ള രേഖകള്‍, എന്ത് ആവശ്യത്തിനുവേണ്ടി ആരാണ് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നതിന്റെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്തു നല്‍കണം.

ജില്ലാ പൊലീസ് മേധാവിയില്‍ നിന്നാണോ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നാണോ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്ന് സെലക്ട് ചെയ്തു നല്‍കാന്‍ വിട്ടുപോകരുത്. വിവരങ്ങളും രേഖകളും നല്‍കിക്കഴിഞ്ഞാല്‍ ട്രഷറിയിലേയ്ക്ക് ഓണ്‍ലൈന്‍ ആയി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് ഇതോടൊപ്പം ലഭിക്കും. അതുപയോഗിച്ചു ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കാം.

നിങ്ങളുടെ അപേക്ഷയില്‍ പൊലീസ് അന്വേഷണം നടത്തി സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇത് ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനു വേണ്ടി നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല. എന്നാല്‍, വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നതിനു പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് സേവാ കേന്ദ്ര / റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിനെയാണ് സമീപിക്കേണ്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.