സൂക്ഷ്മ പരിശോധനയില്‍ മൂന്നെണ്ണം തള്ളി; പുതുപ്പള്ളിയില്‍ മത്സര രംഗത്ത് ഇനി ഏഴ് പേര്‍

 സൂക്ഷ്മ പരിശോധനയില്‍ മൂന്നെണ്ണം തള്ളി; പുതുപ്പള്ളിയില്‍ മത്സര രംഗത്ത് ഇനി ഏഴ് പേര്‍

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴ് പേര്‍. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എഎപി സ്ഥാനാര്‍ത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ അംഗീകരിച്ചു. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മൂന്ന് പത്രികകളാണ് തള്ളിയത്.

സ്വതന്ത്രനായി റെക്കാര്‍ഡുകള്‍ക്ക് വേണ്ടി മല്‍സരിക്കുന്ന പദ്മരാജന്റെയും എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകളാണ് തള്ളിയത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാല്‍ പുതുപ്പള്ളിയില്‍ അന്തിമ ചിത്രമായെന്ന് പറയാനാകില്ല.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി ജെയ്ക് സി തോമസും യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും എന്‍ഡിഎയ്ക്ക് വേണ്ടി ലിജിന്‍ ലാലുമാണ് മത്സര രംഗത്തുള്ളത്. രണ്ട് തവണ ഉമ്മന്‍ചാണ്ടിയോട് തോറ്റ ജെയ്ക്ക് മൂന്നാം അങ്കത്തിനായാണ് ഇറങ്ങുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.

അതേസമയം ഉമ്മന്‍ചാണ്ടിയുടെ മകന്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ അങ്കത്തിന് ഇറങ്ങുന്ന സാഹചര്യത്തില്‍ വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.