കൊച്ചി: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ കുടുംബ വീടിനോട് ചേര്‍ന്ന ഭൂമിയില്‍ റവന്യൂ വകുപ്പ് സര്‍വേ. അനധികൃതമായി നിലം മണ്ണിട്ട് നികത്തിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്‌ളോക്ക് സെക്രട്ടറി ഫെബിന്‍ പി. മൂസ വിജിലന്‍സിന് നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു 4.5 ഏക്കര്‍ ഭൂമി അളക്കാന്‍ തീരുമാനിച്ചത്.
പൈങ്ങോട്ടൂര്‍ കടവൂര്‍ വില്ലേജിലെ ആയങ്കരയില്‍ ഈ ഭൂമി റബര്‍ തോട്ടമാണ്. സ്‌കെച്ച് തയ്യാറാക്കി രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താലൂക്ക് സര്‍വേയര്‍ എം.വി. സജീഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ രാവിലെ 11ന് സര്‍വേയ്ക്കായി എത്തിയത്. 2.30ന് പൂര്‍ത്തിയാക്കി മടങ്ങി. പൊലീസും സ്ഥലത്തുണ്ടായിരുന്നു. സര്‍വേ നടക്കുമ്പോള്‍ അമ്മ മേരിയും സഹോദരിയും മാത്രമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നത്.
അതേസമയം ഈ ഭൂമിയില്‍ നാല് മാസം മുന്‍പ് കടവൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണയുടെ മാസപ്പടി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പരിശോധന നടന്നത്.
മാത്യു കുഴല്‍നാടന്റെ കടവൂര്‍ വില്ലേജിലെ ആയങ്കരയിലുള്ള കുടുംബ വീടിനോടു ചേര്‍ന്നുള്ള 786/1, 812/2, 812/3ബി, 812/1ബി, 812/22, 786/1 എന്നീ സര്‍വേ നമ്പരുകളിലെ 4.5 ഏക്കര്‍ ഭൂമിയിലാണ് സര്‍വേ നടന്നത്. താലൂക്ക് സര്‍വേയര്‍മാരായ എം.വി സജീഷ്, രതീഷ് വി. പ്രഭു എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സര്‍വേ നടത്തിയത്.