കൊച്ചി: പഞ്ഞക്കര്‍ക്കിടകത്തിന് വിട ചൊല്ലി സമൃദ്ധിയുടെ ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. ഇനി പൂക്കളങ്ങളും പൂവിളികളുമായി പത്തുനാള്‍. ആര്‍പ്പോ വിളികളും പൂക്കളങ്ങളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാന്‍ നാടൊരുങ്ങി. സംസ്ഥാനത്ത് ഓണവിളംബരമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും.
രാവിലെ 8.30 ന് വ്യവസായ മന്ത്രി പി. രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും നാടന്‍കലാ രൂപങ്ങളും അണിനിരക്കുന്ന വര്‍ണ ശബളമായ ഘോഷ യാത്രയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുക്കണക്കിന് കലാകാരന്മാരാണ് പങ്കെടുക്കുക. വൈകിട്ട് 5.30 ന് ലായം കൂത്തമ്പലത്തില്‍ നടക്കുന്ന കലാ സന്ധ്യയുടെ ഉദ്ഘാടനത്തോടെ ഓണം വരെ നീണ്ടുനില്‍ക്കുന്ന കലാവിരുന്നിനും തുടക്കമാകും.
ഓണാഘോഷത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട തൃക്കാക്കര മഹാക്ഷേത്രത്തിലെ ഓണോത്സവത്തിന് അത്തം ദിനമായ ഇന്ന് കൊടിയേറും. രാത്രി എട്ടിന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍മന അനുജന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. അത്തം മുതല്‍ 10 ദിവസങ്ങളിലാണ് ഓണോത്സവം. തിരുവോണ ദിനത്തില്‍ പ്രസിദ്ധമായ തൃക്കാക്കര തിരുവോണ സദ്യയും നടക്കും.