'തീരുമാനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു'; നേതൃത്വത്തിന് നന്ദി പറഞ്ഞ് ശശി തരൂര്‍

 'തീരുമാനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു'; നേതൃത്വത്തിന് നന്ദി പറഞ്ഞ് ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 30 അംഗ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. കഴിഞ്ഞ 138 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നതില്‍ പ്രവര്‍ത്തക സമിതി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് അറിയാവുന്ന ആളെന്ന നിലയില്‍, ഈ സ്ഥാപനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ നന്ദിയുള്ളവനായിരിക്കുമെന്ന് ശശി തരൂര്‍ എക്സില്‍ കുറിച്ചു.

'കഴിഞ്ഞ 138 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നതില്‍ പ്രവര്‍ത്തക സമിതി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയില്‍, ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഒപ്പം അര്‍പ്പണബോധമുള്ള സഹപ്രവര്‍ത്തകരോടൊപ്പം പാര്‍ട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു. പാര്‍ട്ടിയുടെ ജീവരക്തമായ ലക്ഷക്കണക്കിന് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരെ കൂടാതെ നമുക്കൊന്നും ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ അവരെ വണങ്ങുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അംഗീകരിക്കുന്നതുമായ ഇന്ത്യ ആഗ്രഹിക്കുന്ന എണ്ണമറ്റ ഇന്ത്യക്കാര്‍ ഞങ്ങളില്‍ നിന്ന് ഏറ്റവും മികച്ചത് പ്രതീക്ഷിക്കുന്നു'- ശശി തരൂരിന്റെ വാക്കുകള്‍.

കോണ്‍ഗ്രസ് 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് ഇന്ന് പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ നിലനിര്‍ത്തി. ശശി തരൂരും സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയില്‍ ഇടംനേടി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രവര്‍ത്തക സമിതിയിലുണ്ട്. രമേശ് ചെന്നിത്തല പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. ചെന്നിത്തല, വീരപ്പ മൊയ്‌ലി, ഹരീഷ് റാവത്ത്, പികെ ബന്‍സാല്‍ തുടങ്ങി 18 പേരെ സ്ഥിരം ക്ഷണിതാക്കളാക്കി. കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവാണ്. ഒമ്പതു പേരാണ് പ്രത്യേക ക്ഷണിതാക്കള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.