വാഹനം പൊടിപിടിച്ച് കിടന്നാല്‍ പിഴ

വാഹനം പൊടിപിടിച്ച് കിടന്നാല്‍ പിഴ

അബുദബി: പാർക്ക് ചെയ്ത സ്ഥലങ്ങളില്‍ വാഹനം പൊടിപിടിച്ച് കിടന്നാല്‍ പിഴ. അവധിയ്ക്ക് രാജ്യത്തിന് പുറത്തുപോയി തിരികെ വന്ന പലർക്കും ഇത്തരത്തിലുളള പിഴ കിട്ടി. ഉപേക്ഷിക്കപ്പെട്ട വാഹനമെന്ന അധികൃതരുടെ അറിയിപ്പും വാഹനത്തില്‍ പതിച്ചിട്ടുണ്ട്. അബുദബി മുനിസിപ്പാലിറ്റിയില്‍ നിന്ന് എസ് എം എസ് ലഭിച്ചപ്പോഴാണ് പിഴകിട്ടിയതായി മനസിലായതെന്ന് മഹമ്മൂദ് അഹമ്മദെന്ന വ്യക്തി ഖലീജ് ടൈംസിനോട് പ്രതികരിച്ചു. പിന്നീട് വിവരങ്ങള്‍ തേടിയപ്പോഴാണ് പാർക്ക് ചെയ്ത വാഹനത്തിനാണ് പിഴ കിട്ടിയത്. വാഹനം പൊടിപിടിച്ച് കിടക്കുകകായിരുന്നു, ഇതുകൊണ്ടാണ് പിഴ കിട്ടിയതെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങള്‍ ഉപേക്ഷിക്കുന്നത് അബുദബിയില്‍ 3000 ദിർഹം പിഴ ലഭിക്കുന്ന കുറ്റമാണ്. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. കഴിഞ്ഞ വാരം അബുദബിയിലെ അല്‍ ദഫ്ര മേഖലയില്‍ അധികൃതർ പരിശോധനകള്‍ നടത്തിയിരുന്നു. പാർക്കിംഗ് ലോട്ടുകളിലും പൊതുസ്ഥലങ്ങളിലുമായിരുന്നു പരിശോധന നടത്തിയത്. പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാഹനമെന്നുളള സ്റ്റിക്കറുകള്‍ പതിക്കുകയും ചെയ്തു. വാഹനം വൃത്തിയായി സൂക്ഷിക്കണമെന്നും ദീർഘകാലത്തേക്ക് ഒരേയിടത്ത് പാർക്ക് ചെയ്യരുതെന്നും അധികൃതർ താമസക്കാരോട് ഓർമ്മിപ്പിച്ചു. ഷാ‍ർജയിലും ദുബായിലും ഇക്കാര്യത്തില്‍ കർശനമായ പരിശോധനകള്‍ നടക്കുന്നുണ്ട്.

ഇരു എമിറേറ്റിലും വാഹനങ്ങള്‍ ഉപേക്ഷിച്ചാലോ പൊടിപിടിച്ച് കിടന്നാലോ 500 ദിർഹമാണ് പിഴ. ഇത്തരത്തില്‍ വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളെന്ന് വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ പതിക്കും. 15 ദിവസത്തിനകം വാഹനം മാറ്റുകയും വൃത്തിയാക്കുകയും വേണം. 15 ദിവസം കഴിഞ്ഞിട്ടും സമാന രീതിയില്‍ തുടർന്നാല്‍ വാഹനം കണ്ടുകെട്ടും. പിഴ കിട്ടുകയും ചെയ്യും. അവധിക്കായോ മറ്റ് ആവശ്യങ്ങള്‍ക്കായോ ദീർഘകാലത്തേക്ക് രാജ്യത്ത് നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ വാഹനം വൃത്തിയാക്കാനും പാർക്കിംഗിനുമെല്ലാം ഒരാളെ ചുമതലപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.