ചന്ദ്രയാൻ വിജയത്തിൽ അഭിമാനത്തോടെ തുമ്പയിലെ ക്രൈസ്തവ സമൂഹം; റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് പള്ളി നൽകിയ സ്ഥലത്ത്

ചന്ദ്രയാൻ വിജയത്തിൽ അഭിമാനത്തോടെ തുമ്പയിലെ ക്രൈസ്തവ സമൂഹം; റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് പള്ളി നൽകിയ സ്ഥലത്ത്

തിരുവനന്തപുരം: ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങി ഇന്ത്യ ചരിത്രം കുറിച്ചപ്പോൾ അഭിമാനത്തോടെ കേരളവും തലയയുർത്തി നിൽക്കുന്നു. തുമ്പയെന്ന കടലോര ഗ്രാമത്തിൽ തുടങ്ങിയ ഐഎസ്‌ആർഒയുടെ ചരിത്ര യാത്ര ഒടുവിൽ ചന്ദ്രോപരിതലത്തിലെത്തി നിൽക്കുകയാണ്. തുമ്പയിൽ നിന്നുള്ള ആദ്യ റോക്കറ്റ്‌ വിക്ഷേപണത്തിന്റെ അറുപതാം വർഷത്തിലാണ്‌ ചാന്ദ്രയാൻ 3 ലൂടെ രാജ്യത്തിന്റെ അഭിമാനം ചന്ദ്രനിലെത്തിയതെന്നതും ശ്രദ്ദേയം.

കേരള ക്രൈസ്തവ സഭയ്ക്കും ഇത് അഭിമനാത്തിന്റെ നിമിഷമാണ്.. ആരാധനാലയങ്ങളുടെ പേരിൽ കലഹങ്ങൾ നടക്കുന്ന ഇക്കാലത്ത് ഒരു ബിഷപ്പിന്റെ നേതൃത്വത്തിൽ ആ ചർച്ചിലെ മുഴുവൻ അനുയായികളുടെയും പിന്തുണയോടെ തങ്ങളുടെ പള്ളി നിലനിന്ന സ്ഥലം ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനായി വിട്ടു നൽകിയ ത്യാഗോജ്വലമായ ചരിത്രം തലമുറകൾക്കു പാഠവും പ്രചോദനവുമാണ്. 1960 ലായിരുന്നു അത്. ആ സംഭവം ഇന്ത്യയുടെ മുൻ പ്രസഡിന്റായിരുന്ന ഡോ. എ പി ജെ അബ്ദുൾ കലാം തന്റെ ആത്മകഥയായ വിംഗ്‌സ് ഓഫ് ഫയറിൽ പറയുന്നുണ്ട്.

1960 ലാണ് തുമ്പ എന്ന മത്സ്യ ബന്ധന ഗ്രാമം തേടി വിക്രം സാരാഭായ് എത്തുന്നത്. ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമധ്യരേഖയോട് സാമീപ്യമുള്ള പ്രദേശം വിട്ടു നൽകണമെന്ന ആവശ്യവുമായി അദേഹം അന്നത്തെ ബിഷപ്പ് റവ. പീറ്റർ ബർണാർഡ് പെരേരയെ സമീപിച്ചു. രണ്ടാമതൊരു ആലോചന പോലുമില്ലാതെയാണ് സെന്റ് മേരീസ് മഗ്ദലൻസ് ദൈവാലയവും അതു സ്ഥിതി ചെയ്തിരുന്ന 61 ഏക്കറും കൈമാറാമെന്ന് ബിഷപ്പ് സമ്മതിച്ചത്. ഒപ്പം തുമ്പയിൽ താമസിച്ചിരുന്ന 183 കുടുംബങ്ങളുടെ വീടും സ്ഥലവും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടർ ഭൂമിയും ഉൾപ്പെടെ 89.32 ആർ ഭൂമിയാണ് സർക്കാരിനു വിട്ടുകൊടുത്തത്.

അങ്ങനെ തുമ്പ സെന്റ് മേരീസ് മഗ്ദലൻസ് ദൈവാലയം തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ (TERLS) ആയി. പള്ളി മന്ദിരം ബഹിരാകാശ കേന്ദ്രത്തിന്റെ ഓഫിസായി. ബിഷപ്സ് ഹൗസിലെ ബിഷപ്പിന്റെ മുറി ഡോ. അബ്ദുൽ കലാം എന്ന യുവ ശാസ്ത്രജ്ഞന്റെ ഓഫീസായി. ആ കാഘധഘട്ടം ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങൾക്ക് ശുഭപ്രതീക്ഷയുടെ നാളുകൾ സമ്മാനിച്ചു. കഠിനാധ്വാനത്തിന്റെ ഫലമായി ഗവേഷണ കേന്ദ്രം യാഥാർഥ്യമായി. സ്വപ്നങ്ങൾക്കു ചിറകു നൽകാൻ മുന്നിൽ തന്നെ ഡോ അബ്ദുൽ കലാമുണ്ടായിരുന്നു. 1963 നവംബർ 21ന് ഇന്ത്യയുടെ ആദ്യ റോക്കറ്റ് ഇവിടെ നിന്നു വിക്ഷേപിച്ചു.

ആ പള്ളി മന്ദിരം ഇന്ന് ബഹിരാകാശ മ്യൂസിയമാണ്. വരും തലമുറകൾക്കായി ഇന്ത്യയുടെ അഭിമാനമായ റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും മോഡലുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിൽ കലാമിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SLV) അഥവാ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ മാതൃകയുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.