കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വീണ വിജയനെതിരെ വിജിലന്‍സ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഏഴുമാസമായി മുഖ്യമന്ത്രി മൗനത്തിലാണെന്നും അദേഹം കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു. സംസ്ഥാന മുഖ്യമന്ത്രിക്ക് മറ്റൊരു നിയമമുണ്ടോയെന്ന് ചോദിക്കുമ്പോള്‍ അതിനും ഉത്തരം നല്‍കേണ്ടതുണ്ട്.
എ.ഐ ക്യാമറ ഇടപാടില്‍ കെ-ഫോണ്‍ അഴിമതിയിലും കൊവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണ ഇടപാടില്‍ കേസെടുക്കാത്തതും അന്വേഷണമില്ലാത്തതും എന്തുകൊണ്ടെന്നും സതീശന്‍ ചോദിച്ചു. സിപിഎം നേതാക്കള്‍ക്ക് ഒരുനീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്തുകൊണ്ടെന്നും സതീശന്‍ ചോദിക്കുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തി ഇടത്പക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി.തോമസിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന അവസരത്തില്‍ ഈ ചോദ്യങ്ങള്‍ക്കും ഇവയുടെ ഉത്തരങ്ങള്‍ക്കും വലിയ വില നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
ഇവയാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍:
1. വീണ വിജയനെതിരെ വിജിലന്‍സ് കേസെടുക്കാത്തത് എന്തുകൊണ്ട്?
2. എ.ഐ ക്യാമറ ഇടപാടില്‍ കേസെടുക്കാത്തത് എന്തുകൊണ്ട്
3. കെ-ഫോണ്‍ അഴിമതിയില്‍ എന്തുകൊണ്ട് അന്വേഷണത്തിന് തയാറാകുന്നില്ല?
4. കൊവിഡ് കാലത്തെ മെഡി ഉപകരണ ഇടപാടില്‍ അന്വേഷണമില്ലേ?
5. മുന്‍ എംഎല്‍എ ജോര്‍ജ്.എം. തോമസിനെതിരെ കേസെടുക്കാത്തതെന്തേ?
6. സിപിഎം നേതാക്കള്‍ക്ക് ഒരുനീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്തുകൊണ്ട്?
7. ഓണക്കാലത്ത് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാത്തത് എന്തുകൊണ്ട്?