ദുബായ്: ബഹിരാകാശത്തെ ഗുരുത്വാകർഷണമില്ലായ്മ ഹൃദയ ശ്വസന നാളികളുടെ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നവെന്നുളള പരീക്ഷണം വിജയകരമായി പൂർത്തിയാക്കി യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി. കനേഡിയന്‍ ബഹിരാകാശ ഏജന്‍സി, സൈമൺ ഫ്രേസർ യൂണിവേഴ്സിറ്റി,നോർത്ത് ഡക്കോട്ട സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് പരീക്ഷണം നടത്തിയത്.
ഐഎസ്‌എസിലെ ബഹിരാകാശയാത്രികർ സിഎസ്‌എയ്‌ക്കായി വികസിപ്പിച്ച ബയോ മോണിറ്റർ ഷർട്ട് ഉപയോഗിച്ച് അവരുടെ ഇസിജി,ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, രക്തത്തിലെ ഓക്സിജന്‍റെ അളവ് എന്നിവ പഠനവിധേയമാക്കി. ബഹിരാകാശയാത്രികരുടെ ഹൃദയ, ശ്വസന സംവിധാനങ്ങൾ രക്തസമ്മർദ്ദം എന്നതിലെ മാറ്റങ്ങൾ നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പരീക്ഷണങ്ങള്‍ നടത്തിയത്.
രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷണം നടത്തിയത്. ആദ്യഘട്ടത്തില്‍ ബയോ മോണിറ്റർ ഉപകരണവും ബൈക്കും ഉപയോഗിച്ചും രണ്ടാം ഘട്ടത്തില്‍ ബയോ മോണിറ്റർ ഷർട്ട് ധരിച്ച് എർഗോ മീറ്ററില്‍ സൈക്കിള്‍ ചവിട്ടിയും പരീക്ഷണം നടത്തി. വിശ്രമിക്കുന്ന സമയത്തുള്‍പ്പടെയുളള ഹൃദയമിടിപ്പ്, രക്തസമ്മർദം, ശ്വസനനിരക്ക്, പ്രവർത്തന നില എന്നിവയിലെ വ്യതിയാനം രേഖപ്പെടുത്തി. ഹൃദയ, ശ്വസന പ്രവർത്തനങ്ങൾ ബഹിരാകാശത്ത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ശരീരം ഗുരുത്വാകർഷണമില്ലായ്മയുമായി എങ്ങനെ പൊരുത്തപ്പെടുമെന്നുളള പരീക്ഷണങ്ങള്‍ ഭാവിയിൽ സുരക്ഷിതമായ ബഹിരാകാശ യാത്രയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.