തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടൻ ഏർപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ നാലുവരെ പുറത്തുനിന്നും വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം ആയത്. ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
അടുത്ത മാസവും വൈദ്യുതി സർ ചാർജ് ഈടാക്കും. യൂണിറ്റിന് 19 പൈസ സർചാർജാണ് ഈടാക്കുക. സർചാർജായി കെഎസ്ഇബി നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേർത്താണ് 19 പൈസ ഇടാക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്ന് കഴിഞ്ഞ ദിവസം കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് വൈദ്യുതി കുറഞ്ഞു. അപ്രതീക്ഷിതമായി 300 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നായിരുന്നു കെഎസ്ഇബി അറിയിപ്പ്.