അംഗീകൃത ബിരുദമില്ലാത്തവര്‍ക്ക് മെഡിക്കല്‍ കോളജില്‍ സ്ഥാനക്കയറ്റം; ആരോഗ്യ വകുപ്പില്‍ തിരക്കിട്ട നീക്കമെന്ന് ആക്ഷേപം

അംഗീകൃത ബിരുദമില്ലാത്തവര്‍ക്ക് മെഡിക്കല്‍ കോളജില്‍ സ്ഥാനക്കയറ്റം; ആരോഗ്യ വകുപ്പില്‍ തിരക്കിട്ട നീക്കമെന്ന് ആക്ഷേപം

തിരുവനന്തപുരം: അംഗീകൃത എംഎസ്സി ബിരുദമില്ലാത്തവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റുമാരായി ഉദ്യോഗക്കയറ്റം നല്‍കി നിയമിക്കാന്‍ തിരക്കിട്ട നീക്കമെന്ന് ആക്ഷേപം. സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം സുവോളജി, കെമിസ്ട്രി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മാത്രമേ ഈ നിയമനം നല്‍കാനാവൂ.

അന്യസംസ്ഥാന സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സയന്‍സ് ബിരുദങ്ങള്‍ കേരളത്തിലെ വാഴ്‌സിറ്റികള്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ പി.എസ്.സിക്കും ഈ ബിരുദങ്ങള്‍ പരിഗണിക്കാനാവില്ല. ഈ കാരണത്താല്‍ പി.എസ്.സി അംഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിപ്പാര്‍ട്ട്‌മെന്റ് പ്രമോഷന്‍ കമ്മിറ്റി തള്ളിക്കളഞ്ഞവരുടെ സ്ഥാനക്കയറ്റമാണ് സര്‍ക്കാര്‍ പുനപരിശോധിക്കുന്നത്.

അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമെന്ന് വ്യവസ്ഥ ചെയ്യാത്തതുകൊണ്ട് സംസ്ഥാനത്തിന് പുറത്തുള്ള സര്‍വകലാശാലകളുടെ ഏത് ബിരുദവും യോഗ്യതയായി കണക്കാക്കാമെന്ന വിചിത്രവാദമാണ് സര്‍ക്കാരിന്റേത്.

വകുപ്പുതല സ്ഥാനക്കയറ്റ സമിതി വീണ്ടും യോഗം ചേരാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ഈ നടപടി റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.