പാലക്കാട്: ആളുമാറി 84 കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വീഴ്ച്ച വരുത്തിയ പൊലീസുകര്‍ക്കെതിരെ നടപടി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി. പാലക്കാട് കുനിശേരിയില്‍ 84-കാരിയായ ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ആഭ്യന്തര വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ച സംഭവിച്ചു എന്ന് കണ്ടെത്തി.
അന്വേഷണ ഉദ്യോഗസ്ഥന്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടിക്ക് ശുപാര്‍ശയുള്ളത്. സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു. ഭാരതിയമ്മക്കുണ്ടായ മനോവിഷമവും പ്രായാസവും തിരിച്ചറിഞ്ഞെന്ന് പൊലീസിന്റെ അന്വേഷണം റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരതിയമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിരപരാതിത്വം തെളിയിക്കാന്‍ നാല് വര്‍ഷമാണ് ഭാരതിയമ്മക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത്. 1998ലായിരുന്നു കേസിനാസ്പദമായ സംഭവം. യഥാര്‍ത്ഥ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിന് പിന്നാലെ പൊലീസ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പായെന്ന് രേഖാമൂലം വിവരം ലഭിച്ചതായി ഭാരതിയമ്മയുടെ അഭിഭാഷകന്‍ പറഞ്ഞു.