കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാന്‍ സിനഡിന്റെ മൂന്നാം സമ്മേളനം ഇന്ന് സമാപിക്കും. 2023 ഓഗസ്റ്റ് 26 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.15ന് കാക്കനാട് മൗണ്ട് സെന്റ് തോമസ് ഓഡിറ്റോറിയത്തിലാണ് സമാപന സമ്മേളനം നടക്കുക.
2023 ഓഗസ്റ്റ് 21ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിലാണ് സമ്മേളനം ആരംഭിച്ചത്. ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നല്‍കിയ ധ്യാന ചിന്തകളോടെയാണ് സിനഡ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് സിനഡുപിതാക്കന്മാര്‍ ഒരുമിച്ച് അര്‍പ്പിച് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഔദ്യോഗികമായി സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 54 പിതാക്കന്മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടി മാര്‍പാപ്പ നിയമിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ സിനഡിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കൂട്ടായ്മയ്ക്കുവേണ്ടിയുള്ള സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം ഇപ്രകാരമായിരുന്നു:
പതിറ്റാണ്ടുകളായി നമ്മുടെ സഭയില്‍ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനായി നാം പരിശ്രമിക്കുകയായിരുന്നല്ലോ. സീറോമലബാര്‍ സഭയില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ മറ്റെല്ലാ രൂപതകളിലും ഏകീകൃത രീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പിലായി. ഈ വിഷയത്തില്‍ അതിരൂപതയില്‍ രൂപപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വിവിധ തലങ്ങളില്‍ പരിശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല. പ്രശ്‌നപരിഹാരത്തിനുള്ള അവസാന മാര്‍ഗം എന്ന നിലയിലാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ച് ബിഷപ് സിറില്‍ വാസിലിനെ പൊന്തിഫിക്കല്‍ ഡെലഗേറ്റായി നിയമിച്ചത്. എന്നാല്‍ പൊന്തിഫിക്കല്‍ ഡെലഗേറ്റിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവര്‍ക്ക് കത്തോലിക്കാ കൂട്ടായ്മയില്‍ തുടരാനാകാത്ത സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്ന് സിനഡ് വിലയിരുത്തി.
ഏറെ ദുഖകരമായ ഈ സാഹചര്യത്തില്‍ നമ്മുടെ അമ്മയായ പരിശുദ്ധ കത്തോലിക്കാ സഭയുടെ കൂട്ടായ്മ നിങ്ങളിലാരും നഷ്ടപ്പെടുത്തരുതെന്ന് ഹൃദയപ്പൂര്‍വം ആഗ്രഹിക്കുന്നു. ഇതിനായി സീറോ മലബാര്‍സഭയുടെ സിനഡ് തീരുമാനിച്ചതും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം അംഗീകരിച്ചതും പരിശുദ്ധ മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി ഘട്ടം ഘട്ടമായെങ്കിലും നടപ്പിലാക്കാനുള്ള സന്നദ്ധത നിങ്ങള്‍ ശ്ലൈഹീക സിംഹാസനത്തെ അറിയിക്കണമെന്നും സിനഡ് പിതാക്കന്മാര്‍ സംയുക്തമായി ആഹ്വാനം ചെയ്തു.