സമൂഹ മാധ്യമങ്ങളിലൂടെ അച്ചു ഉമ്മനെതിരെയുള്ള ആക്രമണം അപലവനീയം: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങളിലൂടെ അച്ചു ഉമ്മനെതിരെയുള്ള  ആക്രമണം അപലവനീയം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകളായ അച്ചു ഉമ്മനെ വളരെ മോശമായ രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ സിപിഎം സൈബര്‍ ഗുണ്ടകള്‍ ആക്രമിക്കുന്നത് അപലവനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു കാലത്തും ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ചോ, ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം ഉപയോഗിച്ചോ ഒരു നേട്ടവും ഉണ്ടാക്കാത്ത അച്ചു ഉമ്മനെതിരെ ഏറ്റവും തരം താണ നിലയില്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ആക്ഷേപങ്ങള്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെയും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെയും സിപിഎം ഏറ്റവും കൂടുതല്‍ തേജോവധം ചെയ്തതും ആക്ഷേപിച്ചതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

പുതുപ്പള്ളിയില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലും ഇടപെടാത്ത അച്ചു ഉമ്മനെ ബോധപൂര്‍വ്വം അപമാനിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമായ കാര്യമാണെന്നും അദേഹം പറഞ്ഞു. സിപിഎം ഒരു ഉത്തരവാദപ്പെട്ട പാര്‍ട്ടിയെന്ന നിലയില്‍ സൈബര്‍ സഖാക്കളെ ഇത്തരം തരംതാണ പ്രവര്‍ത്തനത്തില്‍ നിന്നും പിന്തിരിപ്പിക്കണം. ഇതുകൊണ്ടൊന്നും പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ചാണ്ടി ഉമ്മന് ചരിത്ര വിജയമായിരിക്കും പുതുപ്പള്ളിയിലുണ്ടാകാന്‍ പോകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഒരു കുടുംബിനിയായി ജീവിച്ച് സ്വന്തമായി ജീവിതമാര്‍ഗം കണ്ടെത്തിയ വ്യക്തിയായ അച്ചു ഉമ്മനോട് ഇത്തരം ഒരു പ്രവൃത്തി ചെയ്തത് ശരിയായില്ലെന്നും അദേഹം വ്യക്തമാക്കി.

എന്നാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെ എല്ലാവരും കേരളത്തില്‍ സംതൃപ്തരാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട്, ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലാണെന്നും മറ്റൊരു കാര്യത്തെക്കുറിച്ചും ഇപ്പോള്‍ ശ്രദ്ധയില്ലെന്നും അദേഹം പറഞ്ഞു. ബാക്കി കാര്യങ്ങളെല്ലാം അഞ്ചാം തീയതിക്ക് ശേഷമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.