തിരുവനന്തപുരം: വിഎസ്എസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി ഹൈടെക് കോപ്പിയടി നടത്തിയ സംഘത്തലവന്‍ ഹരിയാനയിലെ ഗ്രാമമുഖ്യന്റെ ബന്ധു ദീപക് ഷോഗന്റ്. ഹരിയാനയിലെ ജിണ്ട് എന്ന സ്ഥലത്തു നിന്നും ഇയാള്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
രാജ്യത്തു തന്നെ വന്‍ വിവാദമായി മാറിയ ഹൈടെക് കോപ്പിയടിയുടെ വിശദാംശം തേടി കേരളാ പൊലീസ് ഹരിയാനയില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായതും ഇവരെ പിടികൂടിയതും.
കേസില്‍ മുന്‍പ് പിടിയിലായ അമിത് എന്നയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദീപക്കാണ് തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയെന്നു വ്യക്തമായത്. സംഘത്തിലെ കണ്ണികളായ ഋഷിപാല്‍, ലഖ്‌വീന്ദര്‍ എന്നിവരും കേരളാ പൊലീസിന്റെ പിടിയിലായി. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ തിരുവനന്തപുരത്ത് എത്തിച്ചു.
ഹരിയാനയിലെ ജിണ്ട് കേന്ദ്രീകരീകരിച്ചുള്ള സംഘമാണ് ഈ കോപ്പിയടി തട്ടിപ്പിനു പിന്നിലുള്ളത്. രാജ്യവ്യാപകമായി വ്യത്യസ്ഥ പരീക്ഷകളില്‍ ഇവര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയതായി തെളിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ഏഴു ലക്ഷം രൂപയാണ് പരീക്ഷ എഴുതുന്നതിനായി യഥാര്‍ത്ഥ ഉദ്യോഗാര്‍ഥിയില്‍ നിന്നും ഇവര്‍ കൈപ്പറ്റുന്നതെന്നും അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ വ്യക്തമാക്കി. ഇതുവരെ ഒന്‍പതുപേരാണ് അറസ്റ്റിലായിട്ടുള്ളത്.
വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഗ്രേഡ് -ബി ടെക്‌നീഷ്യന്‍മാരെ നിമിക്കാനുള്ള എഴുത്തു പരീക്ഷയിലാണ് ആള്‍മാറാട്ട കോപ്പിയടി തട്ടിപ്പ് നടന്നത്. ഹരിയാനയില്‍ നിന്ന് രഹസ്യ സന്ദേശം കേരളാ പൊലീസിനു ലഭിച്ചതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്. ഇതിനു പിന്നാലെ, ടെക്‌നീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍, റേഡിയോഗ്രാഫര്‍ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.